മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണംനേടിയ താരത്തെ പുറത്താക്കി മൂന്നാംസ്ഥാനക്കാരനെ അഖിലേന്ത്യാ സര്‍വകലാശാല മത്സരത്തിലേക്ക് കൊണ്ടുപോകാൻ ശ്രമം. തൃശ്ശൂര്‍ സഹൃദയകോളേജിലെ ജീവന്‍ ജോസഫിനെയാണ് അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിനുള്ള പട്ടികയില്‍നിന്ന് പുറത്താക്കിയത്. നാലുതവണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണംനേടിയ താരമാണ് ജീവൻ.
ഡിസംബർ 7-9 വരെ കാലിക്കറ്റ് സര്‍വകലാശാലയിലായിരുന്നു മത്സരം. ജില്‍ന പെണ്‍കുട്ടികളുടെ 57 കിലോഗ്രാം വിഭാഗത്തിലും ജീവൻ 67 കിലോഗ്രാം വിഭാഗത്തിലുമാണ് മത്സരിച്ചത്. ഇരട്ടകളായ ജീവനും ജില്‍ന ജോസഫും കാലിക്കറ്റ് സര്‍വകലാശാല ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. എല്ലാ വിഭാഗത്തിലും സ്വര്‍ണംനേടിയ ആളെയാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. എന്നാൽ ഡിസംബർ 10 മുതല്‍ 23 വരെ നടന്ന തിരഞ്ഞെടുപ്പ് ക്യാമ്പിൽ ഇരുവരുടെയും പേരുണ്ടായിരുന്നില്ല. ക്യാമ്പിലെ പട്ടിക പുറത്തുവന്നപ്പോഴാണ് ഇരുവരും പുറത്തായ വിവരം അറിയുന്നത്.
അതേസമയം തൃശ്ശൂര്‍ ബോക്സിങ് ക്ലബ്ബിനു കീഴില്‍ പരിശീലനം നടത്തുന്ന താരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പട്ടിക തയ്യാറാക്കിയതെന്നും സഹൃദയ കോളേജിനുവേണ്ടി മക്കള്‍ മത്സരിച്ചതുകൊണ്ടാകാം അവരെ തിരഞ്ഞെടുക്കാത്തതെന്നും ജീവന്‍റെ അച്ഛൻ ജോസഫ് പ്രതികരിച്ചു. 67 കിലോ വിഭാഗത്തില്‍ മാത്രം മൂന്നാംസ്ഥാനക്കാരനെക്കൂടി തിരുകികയറ്റുകയായിരുന്നു. ഇതിനെതിരെ പ്രോ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അനുകൂലവിധി വരുന്നതു വരെ സര്‍വകലാശാലയില്‍ സമരംചെയ്യാനാണ് തീരുമാനമെന്നും ജോസഫ് പറഞ്ഞു.