അയർലൻഡ്: യു.കെയിലും അയർലൻഡിലും ഭീതി വിതച്ച് എയോവിൻ കൊടുങ്കാറ്റ്. ആഞ്ഞടിച്ച കൊടുങ്കാറ്റിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അയർലൻഡിൽ കാറിനു മുകളിലേക്ക് മരം വീണ് ഒരാൾ കൊല്ലപ്പെട്ടു.കൂടുതൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈദ്യുതി, ഗതാഗതം മൊബൈൽ നെറ്റ് വർക്കുകൾ എന്നിവയെല്ലാം തകരാറിലാണ് ഇവിടങ്ങളിൽ. ഗ്ലാസ്ഗോയിലെ സെലസ്റ്റിക് പാർക് സ്റ്റേഡിയത്തിന് കാറ്റിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
നോർത്തേൺ അയർലൻഡിലെ പോർട്ടാഡൗണിൽ മലയാളി കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിൻറെ ചിമ്മിനി തകർന്നു വീണെങ്കിലും കാര്യമായ നാശ നഷ്ടങ്ങളില്ല. നോർത്തേൺ അയർലൻഡിൽ മാത്രം 1800ൽ അധികം മരങ്ങളും മറ്റു വസ്തുക്കളും വീണ് ഗതാഗതം തടസപ്പെട്ടു. സ്‌കോട്ലൻഡിലെ ഫോർത്ത് വാലി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിനു പിന്നാലെ ജനറേറ്റർ പ്രവർത്തനക്ഷമമാകാൻ വൈകി.
ഇത് രോഗികളെ പരിഭ്രാന്തരാക്കി. അയർലൻഡിലെ ഡൊണെഗൾ കൗണ്ടിയിലെ റാഫോയിലാണ് മരം വാഹനത്തിനു മുകളിലേയ്ക്കു വീണ് ആളപായം ഉണ്ടായത്. യുകെയിൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കി. സ്‌കോട് ലൻഡിൽ എല്ലാ ട്രെയിൻ സർവീസുകളും റെഡ് അലർട്ടിനെ തുടർന്നു സേവനം അവസാനിപ്പിച്ചു.
നോർത്തേൺ അയർലൻഡിൽ സ്‌കൂളുകൾ അടച്ചിട്ടു. അതേ സമയം നോർത്തേൺ അയർലൻഡിൽ മിക്ക സ്‌കൂളുകളും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.