വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ മൃതദേഹം കണ്ടെത്തിയത് വനത്തോട് ചേർന്നുളള വീടിൻറെ സമീപത്ത്. പിലാക്കാവ് പഞ്ചാരക്കൊല്ലിയിലെ റിജോയുടെ വീടിനോട് ചേർന്ന് കുട്ടികളടക്കം കളിക്കുന്ന ഭാഗത്തായിരുന്നു കടുവയുടെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 12.30 നാണ് കടുവയെ വനപാലകർ കണ്ടത്. രാത്രിയായതിനാലാണ് വെടിവയ്ക്കാതെ ഇരുന്നതെന്ന് ഡോ. അരുൺ സഖറിയ വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച പുലർച്ചെ 2.30നാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.
കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനം വകുപ്പിൻറെ നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. വീടിൻറെ സമീപത്ത് നിന്നു കടുവയുടെ ജഡം കിട്ടിയതിൻറെ ഞെട്ടലിലാണ് ഇപ്പോഴും റിജോയുടെ കുടുംബം.
വനം വകുപ്പ് ഉദ്യോഗസ്ഥർ രാവിലെ വന്നപ്പോഴാണ് കടുവ വീടിന് സമീപത്ത് ചത്തുകിടക്കുന്ന വിവരമറിയുന്നതെന്ന് റിജോ പറയുന്നു. രാവിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി. കടുവ സമീപത്തുണ്ടെന്ന് അറിയിച്ചു. വിവരം തത്ക്കാലം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടു.
അവരോട് സഹകരിച്ചു. നേരത്തെ കാട്ടുപോത്തും പന്നിയും ആനയുമെല്ലാം എത്തിയിരുന്ന സ്ഥലമാണ്. പക്ഷേ, കടുവയെത്തുന്നത് ആദ്യമായാണ്. കടുവ ഇറങ്ങിയതോടെ വലിയ ഭയത്തിലായിരുന്നു.
കുട്ടികളെ പുറത്ത് വിട്ടിരുന്നില്ലെന്നും റിജോയും കുടുംബവും പറയുന്നു. കുട്ടികൾ ഓടിക്കളിക്കുന്ന സ്ഥലത്ത് കടുവയെ കണ്ടതാണ് കൂടുതൽ ഞെട്ടലുണ്ടാക്കുന്നതെന്നും കൂട്ടിച്ചേർത്തു.