ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതോടെ കനത്ത പ്രതിഷേധവുമായി എ.എ.പി. ബി.ജെ.പി ഓഫീസിലേക്ക് മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്‍റെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. അതിഷിയടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനങ്ങളിൽ കയറ്റിയത്. പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് ഡൽഹിയിൽ പൊലീസ് നേരത്തെതന്നെ ശക്തമായ സുരക്ഷയായിരുന്നു ഏർപ്പെടുത്തിയത്.