പാലക്കാട്: സംസ്ഥാനത്ത് വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു പേർക്ക് പരിക്ക്. പാലക്കാട് കാട്ടുപന്നി വയോധികയുടെ കാൽ കടിച്ചു മുറിച്ചു.
പാലക്കാട് കുഴൽമന്ദത്ത് ഇന്ന് രാവിലെ 7.45 ഓടേയാണ് സംഭവം. വെള്ളപുളിക്കളത്തിൽ കൃഷ്ണന്റെ ഭാര്യ തത്തയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്.
വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. തൊഴിലുറപ്പ് തൊഴിലാളിയായ തത്ത വീടിനോട് ചേർന്ന് വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഭർത്താവ് കിടപ്പു രോഗിയാണ്. വീടിന്റെ ഏക വരുമാന മാർഗമാണ് തത്ത.
അതേസമയം,ഇടുക്കി സ്പ്രിങ്ങ് വാലിയിലാണ് സമാനമായ മറ്റൊരു സംഭവം. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയായിരുന്നു. മുല്ലമല സ്വദേശി എം.ആർ രാജീവിന് വയറിനാണ് കുത്തേറ്റത്. രാജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.