ഗ്വാളിയോർ: മധ്യപ്രദേശിൽ കോളേജ് വിദ്യാർത്ഥിയുടെ പാൻ നമ്പർ ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ടിലൂടെ നടത്തിയത് 46 കോടി രൂപയുടെ ഇടപാട്.
ആദായ നികുതി വകുപ്പ്, ജി.എസ്.റ്റി എന്നിവയിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് പ്രമോദ് കുമാർ ദണ്ഡോതിയയെന്ന 25കാരൻ തന്റെ പേരിൽ തട്ടിപ്പ് നടന്നത് അറിയുന്നത്. പ്രമോദ് കുമാറിന്റെ പാൻ കാർഡ് നമ്പർ ഉപയോഗിച്ചാണ് 2021ൽ മുംബൈയിലും ഡൽഹിയിലുമായി കമ്പനി ആരംഭിച്ചത്.
തന്റെ പാൻ കാർഡ് നമ്പർ അവർക്ക് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും താൻ ഗ്വാളിയാറിലെ ഒരു കോളജ് വിദ്യാർത്ഥിയാണെന്നും പ്രമോദ് കുമാർ ദണ്ഡോതിയ ഉദ്യോഗസ്ഥരെ അറിയിച്ചു.
46 കോടിയോളം രൂപയുടെ ഇടപാടാണ് വിദ്യാർഥിയുടെ പാൻ കാർഡ് നമ്പർ ഉപയോഗിച്ച് നടന്നത്. പൊലീസ് സ്റ്റേഷനിൽ പല തവണ പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും വെള്ളിയാഴ്ച അഡീഷണൽ പോലീസ് സൂപ്രണ്ട് ഓഫീസിൽ പരാതി നൽകിയെന്ന് പ്രമോദ് കുമാർ ദണ്ഡോതിയ പറഞ്ഞു.