Timely news thodupuzha

logo

മദ്യനയ അഴിമതി; കൈലാഷ് ഗെഹ്ലോട്ടിന് ഇ‍.ഡി സമൻസ്

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി ഗതാഗതവകുപ്പ് മന്ത്രിയും എ.എ.പി നേതാവുമായ കൈലാഷ് ഗെഹ്ലോട്ടിന് ഇ‍.ഡി സമൻസ്. ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. കേസിൽ എ.എ.പി എം.പി സഞ്ജയ് സിങ്ങ്, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ അരവിന്ദ് കേജ്‌രിവാളിന്റെ ഇ.ഡി കസ്റ്റഡി തിങ്കളാഴ്ച വരെ നീട്ടി ഡൽഹി റൗസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു. സ്റ്റഡി കാലാവധി പൂർത്തിയായ വ്യാഴാഴ്‌ച കെജ്‌രിവാളിനെ ഹാജരാക്കിയ ഇ.ഡി ഏഴു ദിവസം കസ്റ്റഡിയാണ്‌ ആവശ്യപ്പെട്ടത്‌.

കെജ്‌രിവാൾ ചോദ്യം ചെയ്യലിനോട്‌ സഹകരിക്കുന്നില്ലെന്ന്‌ ഇ.ഡി ആരോപിച്ചു. മദ്യനയം രൂപീകരിച്ച വേളയിൽ ഉപയോഗിച്ച മൊബൈൽ ഫോൺ എവിടെയാണെന്ന ചോദ്യത്തിന്‌ ഓർമയില്ലെന്ന് മറുപടി നൽകി.

മദ്യനയവുമായി ബന്ധപ്പെട്ട കോഴപ്പണം ഗോവയിലെ ആം ആദ്‌മി പാർട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിച്ചെന്നും ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളസിറ്റർ ജനറൽ എസ്‌.വി രാജു പറഞ്ഞു.

ഇഡി ആരോപണങ്ങൾക്ക്‌ കോടതി മുമ്പാകെ ഹാജരായ കെജ്‌രിവാൾ നേരിട്ട്‌ മറുപടി നൽകി. എന്നെ കസ്‌റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ ആവശ്യത്തെ എതിർക്കുന്നില്ല. അവർക്ക്‌ വേണ്ട അത്രയും ദിവസം കസ്‌റ്റഡിയിൽ വെച്ചുകൊള്ളട്ടെ. പക്ഷേ, ഇതെല്ലാം വെറും തട്ടിപ്പാണ്‌.

മതിയായ തെളിവുകൾ ഇല്ലാതെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മാപ്പുസാക്ഷികളായി മാറിയ പ്രതികളുടെ മൊഴികൾ വിശ്വസനീയമല്ലെന്നും കെജ്‌രിവാൾ വാദിച്ചു.

എന്നാൽ, കെജ്‌രിവാൾ ഗ്യാലറിക്കു വേണ്ടി കളിക്കുകയാണെന്ന് എസ്‌.വി രാജു ആരോപിച്ചു. അറസ്റ്റിനുള്ള മറുപടി ബി.ജെ.പിക്ക്‌ ജനങ്ങൾ നൽകുമെന്ന്‌ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുമ്പോൾ കെജ്‌രിവാൾ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *