തൊടുപുഴ: നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ പൊതുമരാമത്തു റോഡിലേക്കിറക്കി നോ പാർക്കിങ്ങ് ബോർഡുകൾ വയ്ക്കുന്നത് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി പരാതി. തിരക്കേറിയ റോഡുകളിൽ ഇത്തരമാ ബോർഡുകൾ ശ്രദ്ധയിൽ പെടാതെ വാഹനങ്ങൾക്ക് കേടു സംഭവിക്കുന്നത് പതിവായിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങൾ പാർക്കിങ്ങ് ഏരിയകളും കച്ചവടത്തിന് ഉപയോഗിച്ചിട്ടാണ് പൊതുജനത്തിന് അസൗകര്യം ഉണ്ടാക്കുന്ന രീതിയിൽ റോഡിലേക്കിറക്കി നോ പാർക്കിങ്ങ് ബോർഡുകൾ വയ്ക്കുന്നത്. പൊതുമരാമത്തു വകുപ്പ് റോഡുകൾ ഇവരുടെ സ്വകാര്യ സ്ഥലമെന്ന രീതിയിലാണ് ഇവർ ബോർഡ് സ്ഥാപിക്കുന്നത്.
നഗരസഭാ അധികൃതർ ഇക്കാര്യത്തിൽ കാര്യമായ നടപടി സ്വീകരിക്കാറില്ല. ആവശ്യത്തിന് പാർക്കിങ് സൗകര്യം ഒരുക്കുന്നില്ലെന്ന് മാത്രമല്ല; ഉള്ള സ്ഥലം ചിലർക്ക് കയ്യേറാൻ നഗരസഭാ ഒത്താശ ചെയ്യുകയാണെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ ഇടപെടണമെന്നാവശ്യപ്പെട്ടു വാഹനങ്ങൾക്ക് തകരാർ സംഭവിച്ച ഏതാനും വാഹന ഉടമകൾ പരാതി നൽകിയിട്ടുണ്ട്.