മൂവാറ്റുപുഴ: ജനറൽ ആശുപത്രിയില്‍ വെച്ച് പിതാവിനെ കാണാനേത്തിയ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
പ്രതിയായ ഷാഹുൽ കൊല്ലപ്പെട്ട സിംനയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായി സഹോദരൻ ഹാരിസ് പറഞ്ഞു. വീടിന് നേരെ ആക്രമണം നടത്തിയിട്ടുണ്ട്.
ഷാഹുലിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ പറഞ്ഞു.
സിംനയുടെ പിതാവ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു സിംന.
സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു.
ഇരുവരും വിവാഹിതരാണ്. നേരത്തെ അയൽവാസികളായിരുന്നു ഇരുവരുമെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടെങ്കിലും പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.