ജയ്പൂർ: സർക്കാർ ആശുപത്രിയിൽ ഗർഭിണിയായ സ്ത്രീക്ക് പ്രവേശനം നൽകാത്തതിനെ തുടർന്ന് യുവതി ആശുപത്രി കോംപൗണ്ടിൽ പ്രസവിച്ച സംഭവത്തിൽ 3 ഡോക്ടർമാർക്ക് സസ്പെൻഷൻ.
പ്രസവ വേദനയുമായി ആശുപത്രിയിലെത്തിയ പൂർണ ഗർഭിണിയായ യുവതിക്കാണ് ഡോക്ടർമാർ അഡ്മിഷൻ നിഷേധിച്ചത്. കൻവാതിയ ആശുപത്രിയിലെ മൂന്ന് റസിഡന്‍റ് ഡോക്ടർമാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെ ഗുരുതരമായ അശ്രദ്ധയെ തുടർന്ന് പുറത്താക്കിയത്.
രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ബുധനാഴ്ചയാണ് പ്രസവ വേദനയെ തുടർന്ന് ഗർഭിണിയായ യുവതി ജയ്പൂരിലെ കൻവാതിയ ആശുപത്രിയിലെത്തുന്നത്. ഇവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ വിസമ്മതിക്കുകയായിരുന്നു.
തുടർന്ന് യുവതി പുറത്തേക്ക് നടക്കുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയുടെ ഗേറ്റിന് സമീപം പ്രസവിക്കുകയുമായിരുന്നു. ഇതോടെ സംഭവം വിവാദമായി.
സംഭവത്തിൽ ഡോക്‌ടർമാരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അനാസ്ഥയ്ക്ക് കൻവാതിയ ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്ര സിംഗ് തൻവാറിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. വിഷയം പുറത്തു വന്നതിനെ തുടർന്ന് അന്വേഷണ സമിതിയെ ഉടനടി പ്രാബല്യത്തിൽ വരുത്തിയതായും മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് പറഞ്ഞു.