മൂന്നാർ: തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെ.എസ്.ആർ.റ്റി.സിയുടെ ഡബിൾ ഡക്കർ ബസ് ഇടുക്കിയിലെത്തുന്നു. ഏപ്രിൽ 12ന് ഉച്ച കഴിഞ്ഞ് മൂന്നിന് മൂന്നാർ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കുന്ന ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി പ്രശസ്ത ഫുട്ബോൾ താരം ഐ.എം വിജയൻ ബസ് ഫ്ലാഗ് ഓഫ് ചെയ്യും.
ജില്ലാ കളക്ടർ ഷീബ ജോർജ്ജ്, ജില്ലാ പൊലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപ്, സബ് കളക്ടര്‍മാരായ ഡോ. അരുണ്‍ എസ് നായര്‍, വി.എം ജയകൃഷ്ണന്‍ എന്നിവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് ബസിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ, എത്ര ദിവസം ബസ് ഇടുക്കിയിൽ ഉണ്ടാകും തുടങ്ങിയ വിവരങ്ങൾ ഫ്ളാഗ് ഓഫ് വേദിയിൽ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ ഊര്‍ജ്ജം ജനങ്ങളിലേക്ക് പകരാനായി സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടസ്‌കര്‍ ഷീല്‍ഡിന് വേണ്ടിയുള്ള സൗഹൃദ ഫുട്‌ബോള്‍ മല്‍സരം വൈകീട്ട് നാലിന് ആരംഭിക്കും. മൈതാനത്ത് നിന്ന് ബൂത്തിലേക്കെന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന മത്സരത്തിൽ ഇടുക്കി ജില്ലാ പൊലീസ് ടീമും കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ടീമും തമ്മിൽ ഏറ്റുമുട്ടും. ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.