കോഴിക്കോട്: സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്സഭാ സ്ഥാനാർഥിയുമായ കെ സുരേന്ദ്രൻ.
വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇത് എല്ലാവർക്കും അറിയാം. താനിത് ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. ടിപ്പു സുല്‍ത്താന്‍റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. അതിന് മുന്‍പ് ഈ നാട്ടില്‍ ആളൊന്നും ഉണ്ടായിരുന്നില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.