തൊടുപുഴ :തൊടുപുഴയിലെ സീനിയർ അഭിഭാഷകനായ അഡ്വ. കെ ടി തോമസ് അഭിഭാഷകനായി 60 വർഷം പൂർത്തിയാക്കുന്ന ജൂബിലി ആഘോഷം 21 ന് വൈകിട്ട് 5 മണിക്ക് തൊടുപുഴ ഉത്രം റീജൻസിയിൽ നടക്കും. അദ്ദേഹത്തിൻ്റെ 131 ജൂനിയർമാരുടെ സംഘടനയായ തൊമൈറ്റ്സ് ആണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുക. തൊടുപുഴ ബാർ അസോസിയേഷൻ അംഗങ്ങളും ക്ലാർക്ക്മാരും മറ്റ് അതിഥികളും പങ്കെടുക്കും.
അഡ്വ. കെ ടി തോമസ് 1962 ൽ അഡ്വ. സി ദേവസ്യ കാപ്പൻ്റെ ജൂനിയർ ആയാണ് പ്രാക്ടീസ് ആരംഭിച്ചത്. പ്രാക്ടീസ് വേളയിൽ മജിസ്ട്രേറ്റായും ജില്ലാ ജഡ്ജിയായും നിയമനം ലഭിച്ചെങ്കിലും അദ്ദേഹം അവ സ്വീകരിക്കാതെ പ്രാക്ടീസ് തുടർന്നു. 60 വർഷത്തെ പ്രാക്ടീസിനിടയിൽ അദ്ദേഹത്തിൻറെ ജൂനിയേഴ്സില്‍ നിന്നും 1 ഹൈക്കോടതി ജഡ്ജിയും 5 ജില്ലാ ജഡ്ജിമാരും ഉണ്ടായി. കേരള ബാർ കൗൺസിൽ ചെയർമാനായി അദ്ദേഹത്തിൻ്റെ ജൂനിയറായ അഡ്വ. ജോസഫ് ജോൺ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിവിൽ, ക്രിമിനൽ കേസുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന അദ്ദേഹം കേരള ബാർ ഫെഡറേഷൻ പ്രസിഡണ്ടായിരുന്നു.
ജൂബിലി ആഘോഷങ്ങൾ കേരള ഹൈക്കോടതി ജഡ്ജി എ മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ജോസ് ജോർജ് അധ്യക്ഷത വഹിക്കും. അഡ്വ. കെ ടി തോമസിൻ്റെ ജൂനിയർമാർ അദ്ദേഹത്തെ ഗുരുവന്ദനം നടത്തും. മുൻമന്ത്രി പി ജെ ജോസഫ് അഡ്വ. കെ ടി തോമസിനെ ആദരിക്കും. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, മുൻ ഹൈക്കോടതി ജഡ്ജി വി ഷെർസി, ജില്ലാ ജഡ്ജി വി എസ് ശശികുമാർ, ആലപ്പുഴ ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ, അഡ്വ. സി കെ വിദ്യാസാഗർ, അഡ്വ. എം എം തോമസ്, അഡ്വ. ജെയിംസ് തോമസ്, അഡ്വ. എസ് അശോകൻ എന്നിവർ ആശംസകൾ നേരും. അഡ്വ. ജോസഫ് ജോൺ സ്വാഗതവും, അഡ്വ. ജോസി ജേക്കബ് നന്ദിയും പറയും.