കുമളി: കഴിഞ്ഞ ദിവസം ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ ക്ഷേത്രം സന്ദർശിച്ച് ഉത്സവത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരിത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട്ടിലെ ചില സംഘടനകൾ അനാവശ്യ ആരോപണങ്ങളുമായി രംഗത്തിറങ്ങിയത്.
തമിഴ്നാടിനെ അറിയിക്കാതെ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവി സന്ദർശിച്ചുവെന്നതാണ് പ്രധാന ആരോപണം.
തമിഴ്നാട്ടിലെ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങളുടെ മേൽനോട്ടത്തിനായുള്ള ‘ഹിന്ദു അറ നിലയത്തുരെ’ വകുപ്പ് മംഗളാദേവി ക്ഷേത്രമേൽ നോട്ടം ഏറ്റെടുക്കണമെന്നാണ് കർഷക സംഘടനയുടെ ആവശ്യം. വകുപ്പ് മന്ത്രി ശേഖർ ബാബുവിനും മുഖ്യമന്ത്രിക്കും സംഘടന നിവേദനം നൽകി.
വർഷങ്ങളായി കർണ്ണകി ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് മംഗളാ ദേവി ഉത്സവ ക്രമീകരണങ്ങൾ നടത്തുന്നത്.
കർണ്ണകി ട്രസ്റ്റുമായുള്ള അധികാര വടംവലിയാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലുള്ളത്. ലോവർ ക്യാമ്പ് പളിയക്കുടിയിൽ എല്ലാ വർഷവും കർണ്ണകി ട്രസ്റ്റ് ഉത്സവത്തിന് മുന്നോടിയായി കൊടിമരം ഉയർത്തും. എതിർ സംഘടനയും കൊടിമരം സ്ഥാപിക്കുമെന്ന് സൂചനയുണ്ട്.
കുമളിയിൽ മുൻ വർഷങ്ങളിലേതു പോലെ ഇരു സംസ്ഥാനങ്ങളിലേയും കളക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ എന്നിവരുടെ മേൽനോട്ടത്തിൽ 13ന് സംയുക്ത യോഗം ചേരും. ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.