അടിമാലി: ഇടതുപക്ഷ ഗവൺമെന്റ് ബഫർസോൺ വിഷയത്തിൽ എടുത്തിരിക്കുന്ന തീരുമാനം റദ്ദാക്കണമെന്നും ഭൂനിയമം ഭേദഗതി ചെയ്യാമെന്ന് മുഖ്യമന്ത്രി സർവകക്ഷയോഗത്തിന് നൽകിയ വാഗ്ദാനം പാലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിവരുന്ന സമരപരിപാടികളുടെ മൂന്നാംഘട്ടമായ 11 ദിവസത്തെ കാൽനട സമര യാത്ര തിങ്കളാഴ്ച അടിമാലിയിൽ സമാപിക്കും.
ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കികൊണ്ട് മാത്രമേ സംരക്ഷിത വനങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ബഫർസോൺ പാടുള്ളൂ എന്ന യു.ഡി.എഫ് ഗവൺമെന്റിന്റെ 2013 ലെ തീരുമാനം അട്ടിമറിച്ചുകൊണ്ട് ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ഒരു കിലോമീറ്റർ വരെ ബഫർസോൺ ആകാമെന്ന ഇടതുപക്ഷ ഗവൺമെന്റ് തീരുമാനം ജനദ്രോഹപരമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുപ്രീംകോടതി ആവശ്യപ്പെട്ട വിവരങ്ങൾ സമയബന്ധിതമായി സമർപ്പിക്കുന്ന കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് ഇടതുപക്ഷ ഗവൺമെന്റിന്റെ ഭാഗത്തു നിന്നുമുണ്ടായത്.
2016ൽ 8 വില്ലേജുകളിലും 2019 ൽജില്ലയിൽ മൊത്തമായും ഏർപ്പെടുത്തിയിട്ടുള്ള കെട്ടിട നിർമ്മാണ നിരോധനം ജില്ലയിലെ ജനജീവിതവും വികസനവും താറുമാറാക്കിയിരിക്കുകയാണ്. മേഖലയിലെ നിർമ്മാണമേഖല നിശ്ചലമായതോടെ ഈ മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾ, നിർമ്മാണ തൊഴിലാളികൾ, സംരംഭകർ എന്നിവരെല്ലാം പ്രതിസന്ധിയിലായി മാറി. ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണം നിമിത്തം നിരവധി ജീവനുകൾ നഷ്ടപ്പെടുത്തിയത്തിന് പുറമെ കർഷകരുടെ കൃഷിക്കും, വളർത്തുമൃഗങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന സമര പരിപാടികൾ കൊണ്ട് ഗവൺമെന്റ് തെറ്റ് തിരുത്തുവാൻ തയ്യാറാകുന്നില്ലെങ്കിൽ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് വ്യാപിപ്പിക്കേണ്ടതായി വരും. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെക്കുന്നതിനുള്ള അനുവാദം കർഷകന് നൽകണം. ഇക്കാര്യങ്ങളിലെല്ലാം ഗവൺമെന്റ് നിശബ്ദത പാലിച്ച് ജില്ലയിലെ ജനങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് സമരപരിപാടികളുമായി മുന്നോട്ടു പോകുന്നത്.
സമര യാത്രയുടെ സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം വൈകിട്ട് നാലുമണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ യുഡിഎഫ് സംസ്ഥാന നേതാക്കളായ യുഡിഎഫ് ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, , സി പി മാത്യു, അഡ്വ: മോൻസ് ജോസഫ് എം.എൽ.എ, സിപി ജോൺ, അഡ്വ: എസ് അശോകൻ, ഫ്രാൻസിസ് ജോർജ്, പ്രൊഫ: എം ജെ ജേക്കബ്, എ.കെ മണി, റോയി കെ പൗലോസ്, അഡ്വ: പി പി പ്രകാശൻ, പി.സി ജയൻ തുടങ്ങിയ യുഡിഎഫ് നേതാക്കൾ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ബാബു കുര്യാക്കോസ്, റെക്സൺ പോൾ, കെ.എം.ബോസ് തുടങ്ങിയവർ പങ്കെടുത്തു.