Timely news thodupuzha

logo

ജാതി വിവേചനമെന്ന് ആരോപണം, കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ജാതി വിവേചനവുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെ കോട്ടയം കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു. രാജികത്ത് ചെയർമാന് നൽകി. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് കാരണമെന്നും സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്ന് ശങ്കർ മോഹൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വർഷ കാലാവധി കഴിഞ്ഞതിന് ശേഷം തന്നിരുന്ന ഒരു വർഷത്തെ എക്സ്റ്റൻഷനും അവസാനിച്ചതിനാൽ രാജിവെച്ചുവെന്നാണ് ശങ്കർ മോഹൻ വിശദീകരിച്ചത്.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ ഒരു മാസത്തിലേറെയായി നടത്തി വന്ന സമരത്തിനിടെയാണ് രാജി പ്രഖ്യാപനം. സമരവുമായി ഇതിന് ബന്ധമില്ലെന്നാണ് ശങ്കർമോഹൻ അറിയിച്ചതെങ്കിലും ഈ വാദം വിദ്യാർത്ഥികൾ തള്ളി. രാജി പ്രഖ്യാപനം കൊണ്ട് സമരം അവസാനിക്കില്ലെന്നും ഉന്നയിച്ച പ്രശ്നങ്ങൾക്കെല്ലാം പരിഹാരം വേണമെന്നും അത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു.

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, മുൻ നിയമസഭ സെക്രട്ടറി എൻ.കെ.ജയകുമാർ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് രണ്ടംഗ സമിതി സർക്കാരിന് നൽകിയതെന്നാണ് സൂചന. പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയിലടക്കം വിദ്യാർഥികളുടെ ഭാഗം ശരിവച്ചുളള റിപ്പോർട്ടാണ് സർക്കാരിന് മുന്നിലെത്തിയതെന്നാണ് വിവരം. ഇതടക്കം കണക്കിലെടുത്താണ് റിപ്പോർട്ട് പുറത്ത് വരുമെന്ന ഘട്ടത്തിൽ രാജിപ്രഖ്യാപനമെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *