Timely news thodupuzha

logo

ഗൃഹനാഥൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

രാജാക്കാട്: ഗൃഹനാഥൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ രംഗത്ത്. പോലീസിൻ്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും ഇവർ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കല്ലാർകൂട്ടി മാങ്കടവ് ഭാഗത്ത് തെക്കുംചേരിക്കുന്നേൽ എബ്രഹാം ജോസഫിൻ്റെ(66) മരണമാണ് വിവാദമായിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30 നോടുകൂടി കല്ലാർകുട്ടി – മാങ്കടവ് റോഡ് സൈഡിൽ മരിച്ച നിലയിൽ ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച മൃതദേഹം പരിശോധിച്ചതിൽ സംശയം തോന്നിയ ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു.

സ്വാഭാവിക മരണമാണെന്ന് വെള്ളത്തൂവൽ പോലീസ് പറഞ്ഞതായാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ കൈ ഓടിഞ്ഞിരുന്നതും തലയുടെ പിൻഭാഗത്ത് മുറിവുണ്ടായിരുന്നതുമായി കണ്ടെത്തിയിരുന്നു.

കൂടാതെ ജനനേന്ദ്രിയത്തിന് ക്ഷതമുള്ളതായും, ശരീരത്ത് പല ഭാഗത്തും മുറിവുകൾ ഉണ്ടായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

മൃതദേഹം കിടന്ന സ്ഥലത്തെ ഒരു പുൽച്ചെടിക്ക് പോലും സ്ഥാനചലനമോ മറ്റ് അടയാളങ്ങളോ,രക്തക്കറയോ ഒന്നും കാണാനില്ലാതിരുന്നതും സംശയം ജനിപ്പിക്കുന്നതാണ്.

ആശുപത്രിയിലെത്തിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമ്പോൾ മൃതദേഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നും രക്തം ഒഴുകിയതും ദുരുഹതയേറുന്നതായും മറ്റെവിടയോ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നിട്ടതാണെന്നാണ് സഹോദരങ്ങൾ സംശയിക്കുന്നത്.

തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകിട്ട് അഞ്ചോടെ മുൻപ് കൊടുത്ത കൊക്കോയുടെ പൈസ വാങ്ങാനായിട്ടാണ് കടയിൽ പോയതെന്നും രാത്രി 7.15ന് പച്ചക്കപ്പ വാങ്ങണോ എന്ന് ഭാര്യയോട് വിളിച്ച് ചോദിച്ചെന്നും പറയുന്നു. ‌‌

7.45ന് ശേഷം ഫോൺ വിളിച്ചപ്പോൾ മുതൽ കിട്ടിയില്ലെന്നുമാണ് ഭാര്യ പറഞ്ഞത്.എബ്രാഹാമിൻ്റെ ഏക മകളെ വിവാഹം ചെയ്ത് അയച്ചതാണ്.

നിലവിൽ ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്.എബ്രഹത്തിൻ്റെ മരണത്തിൻ്റെ ദുരൂഹത ഒഴിവാക്കാൻ സമഗ്രവും നിഷ്പക്ഷവുമായ
അന്വേഷണം ആവശ്യപ്പെട്ട് ഇടുക്കി പോലീസ് മേധാവിക്കും ജില്ല കളക്ടർക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

തങ്ങൾക്ക് മറ്റാരേയും സംശയമില്ലെന്നും മരണത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടെങ്കിൽ സമഗ്രമായ അന്വേഷണം നടത്താൻ പോലീസ് തയ്യാറാകണമെന്നുമാണ് സഹോദരങ്ങളായ ബോബി, ജോർജ്ജ്, ജോയി, സ്റ്റാൻലി, ആൻ്റോ എന്നിവർ ആവശ്യപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *