Timely news thodupuzha

logo

ആലുവയിൽ മോഷണം നടത്തി അജ്മീറിലേക്ക് കടന്ന ഉത്തരാഖണ്ഡ് സ്വദേശികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ആലുവ: മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ്, ഡാനിഷ് എന്നിവരെയാണ് ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങൾ, മോഷണ ബൈക്ക് ഉപേക്ഷിച്ച ഇടം തുടങ്ങി സ്ഥലങ്ങളിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ മേൽനോട്ടത്തിലാണ് തെളിവെടുപ്പ് നടത്തിയത്. മോഷണം നടത്തിയ രീതിയും, രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു.

ഉത്തരാഖണ്ഡിൽ സജാദ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഡാനിഷ് കൂലിപ്പണിക്കാരനും 2018 ൽ വെള്ളപ്പൊക്ക സമയത്ത് ഡാനിഷ് കേരളത്തിൽ ജോലിയ്ക്ക് വന്നിട്ടുണ്ട്. കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണ്ണം സൂക്ഷിച്ചിട്ടുണ്ടെന്ന് തിരിച്ച് നാട്ടിലെത്തിയ ഡാനിഷ് സജാദിനെ ധരിപ്പിച്ചു.

പിന്നീട് രണ്ട് പേരും കൂടി മോഷണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ഇരുപത്തിരണ്ടായിരം രൂപ മുടക്കി ബീഹാറിൽ നിന്ന് രണ്ട് തോക്ക് വാങ്ങി.

ഫെബ്രുവരി അഞ്ചിന് ഡൽഹിയിൽ നിന്ന് ആലുവയ്ക്ക് ട്രയിൻ കയറി. എട്ടിന് ആലുവയിലെത്തി ഒരു ലോഡ്ജിൽ മുറിയെടുത്തു. ഒമ്പതിന് പകൽമുറിയൊഴിഞ്ഞു. ആളില്ലാത്ത വീടുകൾ തപ്പിയിറങ്ങി. പുറമെ നിന്ന് താഴിട്ട് പൂട്ടിയ വീടുകളായിരുന്നു ലക്ഷ്യം.

ഇതിനിടയിൽ മുടിക്കലിലെ കളിസ്ഥലത്ത് നിന്ന് സംഘം ബൈക്കും മോഷ്ടിച്ചു. പിന്നീട് അതിലായി യാത്ര. രാത്രി കുട്ടമശേരിയിലെ വീട് ശ്രദ്ധയിൽപ്പെട്ടു. ചെറിയ കമ്പിയും സ്ക്രൂവും ഉപയോഗിച്ച് പൂട്ട് തുറന്ന് മോഷണം നടത്തി.

തുടർന്ന് മോഷ്ടിച്ച ബൈക്ക് ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാന്റ് പരിസരത്ത്ഉപേക്ഷിച്ചു. രാത്രി തന്നെ ആലുവയിലെ മറ്റൊരു ലോഡ്ജിൽ മുറിയെടുത്തു. പിറ്റേന്ന് പകലും രാത്രിയും കറങ്ങി നടന്ന് വീടു കണ്ടു വച്ച് രണ്ട് വീടുകളിൽ മോഷണം നടത്തി.

അവിടെയും കമ്പിയും സ്ക്രൂവും ആയിരുന്നു ആയുധം. മോഷണത്തിന് ശേഷം ബസിൽ തൃശൂരെത്തി. അവിടെ നിന്നും മധ്യ പ്രദേശിലേക്ക് തീവണ്ടി കയറി. അവിടെയും മോഷണത്തിന് ശമിച്ചു.

ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ ആലുവയിലെ പ്രത്യേക അന്വേഷണ സംഘം പിന്നാലെ കുതിച്ചു. മധ്യ പ്രദേശിലെത്തിയപ്പോൾ മോഷണ സംഘം രാജസ്ഥാനിലേക്ക് കടന്നിരുന്നു. ട

പിന്നാലെ പോലീസ് സംഘവും. അജ്മീറിലെത്തിയ പ്രതികളെ രാത്രി അജ്മീർ പോലീസിന്റെ സഹായത്തോടെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ വെടിയുതിർത്ത് രക്ഷപെടാൻ ശ്രമിച്ചു.

പിന്നീട് ജീവൻ പണയം വച്ച് സാഹസീകമായാണ് കീഴ്പ്പെടുത്തായത്. തുടർന്ന് കേസെടുത്ത് അജ്മീറിൽ റിമാന്റ് ചെയ്ത സംഘത്തെ കഴിഞ്ഞ ദിവസമാണ് ആലുവയിലെത്തിച്ചത്.

കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ഗുണ്ടാ ആക്ട് ഉൾപ്പടെ പത്തോളം കേസിലെ പ്രതിയാണ് ഡാനിഷ് . ആലുവയിൽ മൂന്നും പെരുമ്പാവൂരിൽ ഒന്നും മോഷണമാണ് ഇവർ നടത്തിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർ എസ്.എസ് ശ്രീലാൽ, സീ പി.ഒ മാരായ എൻ.എ മുഹമ്മദ് അമീർ, കെ.എം മനോജ്, മാഹിൻ ഷാ അബൂബക്കർ, വി.എ അഫ്സൽ എന്നിവരാണ് തെളിവെടുപ്പിനുണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *