ഇടുക്കി: തിളച്ചു മറിയുന്ന ചൂടിലും തൊടുപുഴയുടെ മനം കവർന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ സ്ഥാനാർത്ഥി പര്യടനം. ഇന്നലെ തൊടുപുഴ നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ എത്തിയ ഡീൻ കുര്യാക്കോസിന് നാൽപതോളം കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയത്.
പട്ടയം കവലയിൽ നടന്ന സ്ഥാനാർത്ഥി പര്യടന ഉദ്ഘാടനം യുഡിഎഫ് ജില്ല കൺവീനർ എം.ജെ ജേക്കബ് നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവിധിയായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് എം.ജെ ജേക്കബ് പറഞ്ഞു. രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണം.
എൽഡിഎഫ് സർക്കാരിന്റെ ധൂർത്തിന്റെയും അഴിമതിയുടെയും ഫലം അനുഭവിക്കുന്നത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളാണ്. കടക്കെണിയിലായ കേരളത്തെ രക്ഷിക്കുവാൻ യുഡിഎഫ് അധികാരത്തിൽ വരണമെന്ന് അദ്ദേഹം പറഞ്ഞു.
എ.എം ഹാരിദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. എസ് അശോകൻ, എം.എൻ ഗോപി, കെ.എം.എ ഷുക്കൂർ, എൻ.ഐ ബെന്നി, ജോസി ജേക്കബ്, കെ സുരേഷ് ബാബു, ടി.കെ നവാസ്, ഇന്ദു സുധാകരൻ, ജാഫർ ഖാൻ മുഹമ്മദ്, ഷിബിലി സാഹിബ്, വി.ഇ താജുദ്ധീൻ, ജോൺ നെടിയപാല, എം.ഡി അർജുനൻ, ജോസഫ് ജോൺ എന്നിവർ സംസാരിച്ചു.
തൊടുപുഴ നഗരസഭയിലും കുമാരമംഗലം, കോടികുളം, വണ്ണപ്പുറം, കരിമണ്ണൂർ, ഉടുമ്പന്നൂർ എന്നി പഞ്ചായത്തുകളിലുമാണ് ചൊവ്വാഴ്ച്ച ഡീൻ പ്രചരണം നടത്തിയത്.
മുതലാക്കോടം, പാറത്തലക്കപ്പാറ, പെരുമ്പിള്ളിച്ചിറ, ഏഴല്ലൂർ, ഈസ്റ്റ് കലൂർ, ഉദ്ഘാടന സമ്മേളനത്തിന് ശേഷം പാറപ്പുഴ, കോടികുളം, വെള്ളംചിറം, കിഴക്കേ കോടികുളം, കാളിയാർ, മുള്ളൻ കുത്തി, ഒടിയ പാറ, വണ്ണപ്പുറം, മുള്ളരിങ്ങാട്, വെള്ളക്കയം എന്നിവിടങ്ങളിൽ പര്യടനം പൂർത്തീകരിച്ചു.
ഉച്ചക്ക് ശേഷം പട്ടയക്കുടി, ബ്ലാത്തി കവല, മുണ്ടൻ മുടി, വെണ്മറ്റം, തൊമ്മൻക്കുത്ത്, മുളപ്പുറം ആശാൻ കവല, നെയ്യശേരി ഹൈസ്‌കൂൾ, കോട്ടക്കവല എന്നിവിടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി സ്വീകരണം ഏറ്റുവാങ്ങി.
വൈകിട്ട് നെയ്യശേരികവല, കരിമണ്ണൂർ, പന്നൂർ, തട്ടക്കുഴ, പെരിങ്ങാശ്ശേരി, ആൾക്കല്ല്, ചീനിക്കുഴി, കോട്ട കവല, അമയപ്ര, പാറേക്കവല എന്നി പ്രദേശങ്ങളിൽ കൂടി സ്വീകരണം ഏറ്റുവാങ്ങി പര്യടനം രാത്രി ഉടുമ്പന്നൂരിൽ സമാപിച്ചു.
ഇന്ന് കൊട്ടിക്കലാശം
യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഇന്ന് രാവിലെ അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. തുടർന്ന് കട്ടപ്പന ടൗണിൽ എത്തി വോട്ടർമാരെ കണ്ടതിന് ശേഷം 11 മണിക്ക് റോഡ് ഷോ. ഉച്ചക്ക് ശേഷം കോതമംഗലത്ത് നിന്നും മുവാറ്റുപുഴ വഴി തൊടുപുഴയിലേക്ക് റോഡ് ഷോ. തുടർന്ന് തൊടുപുഴയിൽ കൊട്ടിക്കലാശം.