മാനന്തവാടി: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ആർക്കും പരുക്കേറ്റിട്ടില്ല. കമ്പമലയോട് ചേർന്നുള്ള വനത്തിൽ സംഘം തങ്ങുന്നതായി പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെയ്പ്പ് നടന്നതെന്നാണ് സൂചന. കഴിഞ്ഞ ബുധാനാഴ്ച രാവിലെ 6.10 നായിരുന്നു സി.പി മൊയ്തീന്‍റെ നേതൃത്വത്തിൽ നാലുപേർ സ്ഥലത്തെ പാടിയിൽ എത്തിയത്.
രണ്ടു പേരുടെ കയ്യിലും ആയുധമുണ്ടായിരുന്നു. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങൾ കഴിഞ്ഞാണ് വീണ്ടും മാവോവാദികൾ എത്തുന്നത്.
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ട് ഒരു കാര്യമില്ലെന്നും വോട്ട് ബഹിഷ്കരിക്കണമെന്നും ഇവർ നാട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാട്ടുകാരുമായി വാക്കുതർക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.