Timely news thodupuzha

logo

കരോൾ ഗാനങ്ങളിൽ തിളങ്ങി എള്ളുംപുറം സെൻ്റ്. മത്ഥ്യാസ് സി.എസ്.ഐ ചർച്ച് ക്വയർ

ഇടുക്കി: ക്രിസ്തുമസ് എന്നാൽ കരോൾ ഗാനങ്ങളുടെ കാലമാണല്ലോ. ഇത്തവണ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തപ്പെട്ട അഖിലകേരള ക്രിസ്മസ് കരോൾ ഗാന മത്സരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് എള്ളുംപുറം സെൻ്റ്. മത്ഥ്യാസ് സി.എസ്.ഐ ചർച്ച് ഗായക സംഘം.

ഇടവക സ്ഥാപിതമായ കാലം മുതൽ 128 വർഷമായി ഗാന ആലാപനങ്ങളിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് ഈ ഗായക സംഘം. ആകാശവാണിയിൽ ഞായറാഴ്ചകളിൽ രാവിലെ പ്രക്ഷേപണം ചെയ്തിരുന്ന ഭക്തിഗാനങ്ങളിൽ നിരവധി തവണ എള്ളുംപുറം ക്വയർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ദൂരദർശൻ ചാനലിലും മലയാള മനോരമ ഓൺലൈൻ ചാനലിലും വിവിധ ഓൺലൈൻ മീഡിയകളിലും എള്ളുംപുറം ക്വയർ ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ഗായക സംഘത്തിൻ്റെ നേതൃത്വത്തിൽ നിരവധി സംഗീത ഓഡിയോ കാസറ്റുകളും സിഡികളും പുറത്തിറക്കിയിട്ടുണ്ട്. യൂട്യൂബിലും എള്ളുംപുറം സെൻ്റ്.മത്ഥ്യാസ് സി എസ് ഐ ചർച്ച് ഗായക സംഘം ആലപിച്ച ഗാനം ഏറെ ജന ശ്രദ്ധ നേടിയിട്ടുണ്ട്.

ഇടവക വികാരി റവ. രാജേഷ് പത്രോസ് രക്ഷാധികാരിയാണ്.കെ.ജി. സൈമൺ ഐപിഎസ് (റിട്ട) കൊയർ ഡയറക്ടറായും
രാജേഷ് സി ഈപ്പൻ വൈസ് പ്രസിഡണ്ട് ആയും സാം ജോർജ് സെക്രട്ടറിയായും വിവിധ പ്രായത്തിലുള്ള 50ൽ പരം ഗായകർ അടങ്ങിയ ഗായക സംഘത്തിന് നേതൃത്വം നൽകിവരുന്നു.

അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധേയമായ ലോകപ്രശസ്ത സംഗീതജ്ഞൻ ജോർജ് ഫെഡറിക് ഹാൻഡലിന്റെ “മസയ്യ “ഗാന സമാഹാരത്തിലുള്ള സങ്കീർണമായ നിരവധി ഇംഗ്ലീഷ് ആന്തം ഗാനങ്ങളും ഇദ്ദേഹം പരിശീലിപ്പിച്ച് എടുത്തിട്ടുണ്ട്.
ഇവയിൽ പല ഗാനങ്ങളും നിരവധി സംഗീത മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ളതാണ്.

കൂടാതെ തദ്ദേശീയരായ ഗാനരചയിതാക്കൾ ഒരുക്കിയ ഇരുന്നൂറിൽപരം പുതിയ ഗാനങ്ങളും കെ ജി സൈമൺ ഗായ സംഘത്തെ അഭ്യസിപ്പിച്ചെടുത്തിട്ടുണ്ട്.

അർപ്പണബോധത്തോടെയുള്ള ചിട്ടയായ പരിശീലനം ആണ് ഈ ഗായക സംഘത്തിൻ്റെ മുഖമുദ്ര. കഴിഞ്ഞവർഷം മലയാള മനോരമ നടത്തിയ അഖില കേരള കാരൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നേടി കേരളത്തിലെ മികച്ച ഗായ സംഘങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു.

ഇത്തവണ ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക് കോട്ടയം, സെൻ്റ്‌.മേരിസ് ബസിലിക്ക തൃശ്ശൂർ, പത്തനംതിട്ട , എന്നിവിടങ്ങളിൽ ഒന്നാം സ്ഥാനവും ഓതറ മാർത്തോമാ പള്ളിയിൽ വെച്ച് നടന്ന ക്ഷണിക്കപ്പെട്ട കേരളത്തിലെ പ്രശസ്ത ക്വയറുകളുടെ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. കൂടാതെ കൂവപ്പള്ളി പള്ളിയിൽ വെച്ച് നടത്തപ്പെട്ട വിവിധ ഗാന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി ഒന്നര ലക്ഷം രൂപയിൽ പരം കാഷ് അവാർഡുകൾ നേടി മിന്നും പ്രകടനം കാഴ്ചവച്ചു. ഓരോ മത്സരങ്ങളിലും പതിമൂന്നിലധികം പ്രശസ്ത ഗായക സംഘങ്ങൾ,ക്രിസ്ത്യൻ ബാൻഡ് ട്രൂപ്പുകളും അണിനിരന്നിരുന്നു.

ഉന്നത നിലവാരമുള്ള ഗായക സംഘങ്ങളോട് ചേർന്ന് മത്സരിച്ചാണ് ഗ്രാമപ്രദേശമായ എള്ളുംപുറം സെൻ്റ്.മത്ഥ്യാസ് സി എസ് ഐ ചർച്ച് ഗായക സംഘം കൊയർ ഗാനരംഗത്ത് ശ്രദ്ധ നേടിയത്.

മേലുകാവിന് സമീപപ്രദേശമായ വിവിധ ഇടങ്ങളിൽ വിവിധ സംഘടനകളും ദേവാലയങ്ങളും സംഘടിപ്പിക്കുന്ന കാരൾ ഗാന മത്സരങ്ങളിലും നിരവധി തവണ മികച്ച സമ്മാനങ്ങളും കാഷ് അവാർഡുകളും നേടിയിട്ടുണ്ട്.

ഈസ്റ്റ് കേരള മഹായിടവകയുടെ ജൂബിലി വർഷം മേലുകാവിലെത്തിയ കേന്ദ്ര മന്ത്രി ഓസ്ക്കാർ ഫെർണാണ്ടസ് എള്ളുംപുറം സെൻ്റ്.മത്ഥ്യാസ് സി.എസ്.ഐ ചർച്ച് ഗായക സംഘത്തിൻ്റെ ഗാനം കേട്ട് പ്രത്യേക അഭിനന്ദന ഉപഹാരം നൽകിയിട്ടുണ്ട്. കൂടാതെ വിവിധ മ്യൂസിക്‌ കൺസേർട്ടുകളിലും എള്ളുംപുറം സെൻ്റ്. മത്ഥ്യാസ് സി.എസ്.ഐ ചർച്ച് ഗായക സംഘം ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *