Timely news thodupuzha

logo

അറ്റകുറ്റപണിക്കിടെ കല്ലാർകുട്ടിയിൽ നിന്നും ഒഴുകിയെത്തിയത് ചെളി വെള്ളം, ഭൂതത്താൻകെട്ടിലെ ഷട്ടറുകൾ തുറന്നു

കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിലെ ആറ് ഷട്ടറുകൾ ഭാഗികമായി തുറന്നു. കല്ലാർകുട്ടി ഡാമിൽ അറ്റകുറ്റപണിക്കായി ഷട്ടറുകൾ കഴിഞ്ഞ മാസം തുറന്നപ്പോൾ അവിടെ നിന്നും ഒഴുകിയെത്തിയ വെള്ളം ചെളി നിറഞ്ഞതായിരുന്നു.

ചെളി നിറഞ്ഞ വെള്ളം ഭൂതത്താൻകെട്ട് ഡാമിലേക്ക് ഒഴുകിയെത്തി. പെരിയാർവാലി കനാലുകളിലേക്ക് ജലവിതരണം തുടങ്ങുന്നതിനു മുന്നോടിയായി പെരിയാറിൽ വെള്ളം സംഭരിക്കാൻ ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ അടച്ചിരുന്നു.

ബറേജിന്‍റെ 15 ഷട്ടറുകളും അടച്ച് ജലവിതാനം ഉയർത്തി പെരിയാറിൽ ജലനിരപ്പ് 34 മീറ്ററിന് മുകളിലെത്തിച്ചു. വെള്ളത്തിന്‍റെ ഒഴുക്കിന്‍റെ വേഗത വർധിപ്പിക്കാനാണ് ഡാം അടച്ചത്. ഭൂതത്താൻകെട്ടിലെ ഡാമിന്‍റെ ഷട്ടറുകൾ അടച്ചതിനാൽ ചെളി നിറഞ്ഞ വെള്ളം ഡാമിൽ തങ്ങി നിന്നു.

ഭൂതത്താൻ കെട്ട് ഡാമിൽ നിന്നും പെരിയാർവാലി കനാലുകളിലേക്ക് വെള്ളം തുറന്ന് വിട്ടതോടെ ചെളിനിറഞ്ഞ വെള്ളം കനാലുകളിൽ എത്തിയതോടെ വ്യാപക പ്രതിഷേധം ഉയർന്നു. ഈ സാഹചര്യത്തിലാണ ഭൂതത്താൻ കെട്ട് ഡാം തുറന്നു ചെളിയുടെ അളവ് കുറക്കാൻ ഡാം തുറക്കേണ്ടി വന്നത്.

ഇടമലയാർ അണക്കെട്ടിൽ വൈദ്യുതോൽപാദനം കഴിഞ്ഞത്തുന്ന വെള്ളവും ഭൂതത്താൻ കെട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. കല്ലാർക്കുട്ടി അണക്കെട്ടിൽ നിന്നുള്ള വെള്ളവും ഭൂതത്താൻ കെട്ടിലേക്ക് എത്തുന്നതിനാൽ പെരിയാർവാലി കനാലിലേക്ക് വെള്ളം സുലഭമായി എത്തുന്നുണ്ട്.

ഭൂതത്താൻ കെട്ട് മുതൽ അടിയോടി വരെ 8 കിലോ മീറ്ററോളം മെയിൻ കനാലും തുടർന്ന് രണ്ടായി തിരിയുന്ന ഹൈ ലെവൽ കനാലിലൂടെയും ലോ ലെവൽ കനാലിലൂടെയുള്ള വെള്ളമാണ് ജനങ്ങൾക്ക് ലഭ്യമാകുന്നത്.

ഏക്കറുകണക്കിന് സ്ഥലത്ത് പച്ചക്കറിയടക്കമുള്ള കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കാനും കർഷകർ ആശ്രയിക്കുന്നത് പെരിയാർവാലി കനാലിൽനിന്നുള്ള വെള്ളത്തെയാണ്. പെരിയാർ വാലി കനാലുകളിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന പ്രദേശങ്ങളിൽ വേനൽ ആരംഭിച്ചതോടെ ജലക്ഷാമം നേരിട്ടിരുന്നു.

വിവിധ സ്ഥലങ്ങളിൽ കുടിവെള്ളത്തിനും കൃഷിക്കും ഭീഷണി നേരിട്ടതോടെ ജനരോഷം ആരംഭിച്ചിരുന്നു. വിവിധ ചെറുകിട ശുദ്ധജലവിതരണ പദ്ധതികളും പെരിയാർ വാലിയിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഭൂതത്താൻ കെട്ട് ഡാമിൽ പെരിയാർ വാലി കനാലിലേക്ക് ഒഴുക്കാനുള്ള വെള്ളം ഉണ്ട്.

Leave a Comment

Your email address will not be published. Required fields are marked *