കണ്ണൂർ: പെരിയ ഇരട്ട കൊലപാതക കേസിൽ നിയമപോരാട്ടം തുടരാൻ പാർട്ടി അംഗങ്ങളോട് പണപ്പിരിപ്പുമായി സി.പി.എം. 500 രൂപവച്ച് ഓരോ പാർട്ടി അംഗങ്ങളും ഈ സ്പെഷൽ ഫണ്ടിലേക്ക് നൽകണമെന്നാണ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നിർദേശം. ഒപ്പം ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നും ഈ മാസം 20 ന് പണം ഏരിയ കമ്മിറ്റികൾക്ക് കൈമാറണമെന്നുമാണ് നിർദേശത്തിൽ വ്യക്തമാക്കുന്നത്.
28000 ത്തിലേറെ അംഗങ്ങളാണ് സി.പി.എമ്മിന് ജില്ലയിലുള്ളത്. ഇവർക്ക് പുറമെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ ശമ്പളവും നൽകണമെന്നും ജില്ലാ കമ്മിറ്റിയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു. 2021ലും സമാനമായ പണപ്പിരിവ് സി.പി.എം നടത്തിയിരുന്നു.