Timely news thodupuzha

logo

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനു ശേഷം യുവതി മരിച്ച സംഭവം: ദുരൂഹത പരിശോധിക്കണമെന്ന് ഡി.വൈ.എഫ്‌.ഐ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തിന് ശേഷം യുവതി മരിച്ച സംഭവത്തിൽ കുടുംബം ആരോപിക്കുന്ന ദുരൂഹത പരിശോധിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി.

കൃത്യമായി ചികിത്സ കിട്ടാതെയാണ് ഷിബിന മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. വണ്ടാനം മെഡിക്കൽ കോളേജിനെതിരെ നിരന്തരം പരാതി ഉയർന്നു വരുന്ന സാഹചര്യം പരിശോധിക്കപ്പെടണം.

സ്വകാര്യ പ്രാക്‌ടീസിനായി ഔദ്യോഗിക സമയം മാറ്റി വയ്ക്കുന്ന ഡോക്‌ടർമാർക്കെതിരായി ഡി.വൈ.എഫ്‌.ഐ യുവജനങ്ങളെ അണി നിരത്തി ശക്തമായ പ്രതിഷേധം തീർക്കും.

ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതെയിരിക്കാൻ വേണ്ട മുൻ കരുതലും ജാഗ്രതയും ആശുപത്രി അധികൃതർക്ക് ഉണ്ടാവേണ്ടതായിരുന്നു. അന്വേഷണം കൃത്യമായി നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.

പ്രശ്‌നത്തിൽ ഡി.വൈ.എഫ്‌.ഐ ഏതറ്റം വരെയും പോകും, ഡോക്‌ടർമാരെ നിരീക്ഷിക്കും. കേരളത്തിലെ ആരോഗ്യ മേഖല ദേശീയ തലത്തിൽ തന്നെ ഒന്നാമത് നിൽക്കുമ്പോൾ അത്തരം മുന്നേറ്റങ്ങളെ തകർക്കുന്ന തരത്തിൽ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് ഗൗരവമായി പരിശോധിക്കണമെന്നും ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ഈ പ്രശ്‌നത്തിൽ ഗൗരവമായി ഇടപെടുമെന്നും ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേലും പ്രസിഡന്റ്‌ എസ് സുരേഷ് കുമാറും പ്രസ്‌താവനയിലൂടെ അറിയിച്ചു.

പുറക്കാട് കരൂർ തൈവേലിക്കകം അൻസറിന്റെ ഭാര്യ ഷിബിനയാണ്(31) മരിച്ചത്. ഒരു മാസം മുൻപാണ് പ്രസവം നടന്നത്. പ്രസവത്തിനു പിന്നാലെ അണുബാധയുണ്ടാവുകയും അത് കരളിനെയും വൃക്കയേയും ബാധിക്കുകയും ചെയ്‌തു.

തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷിബിന ഏപ്രിൽ 28 ന്‌ ഉച്ചയോടെയാണ് മരിച്ചത്. സി.പി.ഐ.എം കരൂർ ബ്രാഞ്ച് സെക്രട്ടറിയാണ് അൻസർ.

Leave a Comment

Your email address will not be published. Required fields are marked *