തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ലക്ഷകണക്കിന് ഫയലുകൾ തീർപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കാകുന്നു.
സെക്രട്ടേറിയറ്റിൽ കഴിഞ്ഞ ഏപ്രിൽ വരെ മൂന്നു ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നതായാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഔദ്യോഗികമായിത്തന്നെ പറയുന്നത്.
എന്നാൽ, 7.9 ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നതായാണ് അനൗദ്യോഗികമായി പറയപ്പെടുന്നത്. നേരത്തേ നിയമസഭയിൽ നൽകിയ മറുപടിയിലും ഇത്രത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നതായാണ് മന്ത്രിമാർ മറുപടി നൽകിയിട്ടുള്ളത്.
ഫയൽ തീർപ്പാക്കാൻ യജ്ഞം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആവർത്തിച്ചു പറയുമ്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന ഫയലുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിലെ പോലീസ്, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ സ്ഥാപനം, ഉന്നത വിദ്യാഭ്യാസം, റവന്യു, പട്ടികജാതി ക്ഷേമം തുടങ്ങിയ വകുപ്പുകളിലാണ് ഫയലുകൾ കൂടിക്കിടക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തായ സാഹചര്യത്തിൽ ഇപ്പോൾ ഫയലുകളിൽ കാര്യമായ തീർപ്പുണ്ടാകുന്നില്ല. മധ്യവേനൽ അവധിക്കാലമായതിനാൽ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു മുങ്ങിയതോടെ പല സീറ്റുകളിലും ആളില്ലാത്ത അവസ്ഥയായി.
വകുപ്പു സെക്രട്ടറിമാരായ ഐഎഎസുകാരിൽ ചിലരും അവധിയിലാണ്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ആലസ്യം കൂടി സെക്രട്ടേറിയറ്റ് ഭരണത്തെ ബാധിച്ചതോടെ ഒരു ഫയലും നീങ്ങാത്ത അവസ്ഥയായി.
കേരളീയം, നവകേരള സദസ് തുടങ്ങിയ പരിപാടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും തിരക്കിലായതോടെയാണ് സെക്രട്ടേറിയറ്റിൽ ഫയലുകൾ കുന്നു കൂടിത്തുടങ്ങിയത്. ഇതാണ് ഇപ്പോൾ ലക്ഷങ്ങളിലേക്കു കടക്കുന്നത്.
ഓരോ ഫയലും ഓരോ ജീവിതമാണെന്നു ജീവനക്കാരോടു പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി പിണറായി 2016ൽ പ്രവർത്തനം തുടങ്ങിയത്. എന്നാൽ, വർഷങ്ങൾ എട്ടു കഴിഞ്ഞിട്ടും ഫയലുകൾ കെട്ടിക്കിടക്കുന്നതിൽ കാര്യമായ മാറ്റമുണ്ടായില്ല.
ഓരോ ഫയലും ഒരു ജീവനക്കാരന് എത്രസമയം കൈവശം വയ്ക്കാമെന്നതു സംബന്ധിച്ചു വ്യക്തമായ മാർഗ നിർദേശം നിലവിലുണ്ടെങ്കിലും ഇത് ആരും പാലിക്കാറില്ലെന്നാണ് ആരോപണം.
ഓരോ തട്ടിലെയും ജീവനക്കാരൻ ഫയൽ കൈവശം വയ്ക്കാനുള്ള സമയ പരിധി ലംഘിക്കുന്നുണ്ടോയെന്നു മേൽനോട്ടം വഹിക്കാനുള്ള ഉന്നതരും ഇതു പാലിക്കാതായതോടെ ഫയൽനീക്കം തോന്നിയപടിയായി.
ശരിയായതും കൃത്യമായി വിവരം നൽകുന്നതുമായ ഹെൽപ് ഡെസ്കുകൾ ഓരോ വകുപ്പിലും ഏർപ്പെടുത്തണമെന്ന ഏറെക്കാലമായുള്ള ആവശ്യത്തിനും സർക്കാർ ചെവികൊടുത്തിട്ടില്ല.
ഫയൽ തീർപ്പാക്കാനായി ഫയൽ തീർപ്പാക്കൽ മേള ഉൾപ്പെടെയുള്ള ആലോചനകളും സർക്കാർ തലത്തിൽ സജീവമാണെങ്കിലും പ്രായോഗിക തലത്തിൽ എത്തിയിട്ടില്ല.