Timely news thodupuzha

logo

മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമി ഉത്സവം നാളെ: മുന്നൊരുക്കങ്ങൾ പൂർത്തിയായി

ഇടുക്കി: ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമിഉത്സവം നാളെ നടക്കും. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. ക്ഷേത്രത്തിലേക്കാവശ്യമായ പൂക്കൾ, പൂജാസാധനങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ രാവിലെ നാല് മണിക്ക് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ ടിൻ ഷീറ്റുപയോഗിച്ച് രണ്ട് പന്തലുകൾ,ബാരിക്കേഡ് എന്നിവയുടെ നിർമ്മാണം, ക്ഷേത്ര പരിസരം വൃത്തിയാക്കൽ, ക്ഷേത്രക്കുളം ശുചീകരിക്കൽ, എക്സ്കവേറ്റർ വെഹിക്കിൾ, റിക്കവറി വാൻ, അസ്കലൈറ്റ് എന്നിവയുടെ സജ്ജീകരണം തുടങ്ങിയവയും പൂർത്തിയാക്കിയിട്ടുണ്ട്.

ഉത്സവദിവസം കരടിക്കവല മുതൽ മംഗളാദേവിവരെയുള്ള സ്ഥലങ്ങളിൽ ട്രാഫിക് നിയന്ത്രണത്തിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങളിൽ അനുവദിച്ചതിലധികം തീർത്ഥാടകർ യാത്രചെയ്യുന്നുണ്ടോ, നിശ്ചയിച്ചതിലധികം നിരക്കുകൾ വാങ്ങുന്നുണ്ടോ എന്നത് സംബന്ധിച്ച പരിശോധന പോലീസ് നടത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഭക്ഷണ അവശിഷ്ടങ്ങൾ ക്ഷേത്രത്തിലേക്കുള്ള വഴിയിലും, പരിസരത്തും ഉപേക്ഷിക്കാൻ പാടില്ല. ക്ഷേത്ര പരിസരത്ത് ആംപ്ലിഫയറുകളുടെ ഉപയോഗം അനുവദിക്കില്ല. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വീതി കുറവുള്ള ഭാഗങ്ങളിൽ ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ പ്രവേശിച്ചതിനുശേഷം, തിരിക വരുന്ന വാഹനങ്ങൾ കടത്തിവിടുന്നരീതി സ്വീകരിക്കണം.
ക്ഷേത്രപരിസരത്തും വനമേഖലയിലും ഡ്രോണുകൾ ഉപയോഗിക്കാൻ പാടില്ല.പൂർണ്ണമായും ഹരിതചട്ടം പാലിച്ചാകും ഇത്തവണ ഉത്സവം നടത്തുകയെന്നും കളക്ടർ അറിയിച്ചു.

തീർത്ഥാടകർക്കാവശ്യമായ കുടിവെള്ളം വനംവകുപ്പ് ലഭ്യമാക്കും. തീർഥാടനപാതയിൽ 500 മീറ്റർ ദൂരത്തിൽ സൈൻ ബോർഡുകൾ ഉണ്ടാകും. ടോയിലെറ്റ് സംവിധാനം ,ഇക്കോ ഡവലപ്പ്മെൻറ് കമ്മിറ്റി മുഖാന്തിരം മഴക്കോട്ട്, കുട എന്നിവ വിൽപ്പനയ്ക്കും, വാടകയ്ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

നിശ്ചയിച്ച കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ യാത്രക്കാരെ വാഹനങ്ങളിൽ കയറ്റുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല മോട്ടോർവാഹന വകുപ്പിനാണ്.തീർത്ഥാടകർക്ക് യാത്രക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ട്രിപ്പ് ചാർജ് ഒരു സൈഡ് ഒരാൾക്ക് 160/-രൂപ,ഒരു സൈഡ് ടാക്സി ചാർജ് 2100/- രൂപ, ഇരുവശത്തേക്കമുള്ള ടാക്സി ചാർജ് 4200/-രൂപയുമാണ്. ടൂ വീലർ വാഹനം അനുവദിക്കില്ല.

ആംബുലൻസ് സൗകര്യത്തോടുകൂടിയ നാല് മെഡിക്കൽ സംഘങ്ങളെ കൊക്കരക്കണ്ടം.കരടിക്കവല, ഭ്രാന്തിപ്പാറ, ക്ഷേത്ര പരിസരം എന്നിവടങ്ങളിൽ ആരോഗ്യവകുപ്പ് വിന്യസിച്ചിട്ടുണ്ട്. കുമളി വണ്ടിപ്പെരിയാർ എന്നീ പി.എച്ച്.സി കളിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും ഉണ്ടാകും.

കുടിവെള്ളത്തിന്റെ ഗുണമേൻമ പരിശോധന വാട്ടർ അതോറിറ്റി നടത്തും.ഉത്സവ ദിവസം കുമളിയിലും പരിസരപ്രദേശത്തും തടസ്സമില്ലാതെ കുടിവെള്ള ലഭ്യതക്കുള്ള ക്രമീകരണം ഏർപ്പെടുത്തേണ്ടതും അതോറിറ്റിയാണ്. കുമളിയിലെയും പരിസരപ്രദേശങ്ങളിലെയും കടകളിൽ ഭക്ഷണ സാധനങ്ങൾക്ക് അധിക വില ഈടാക്കുന്നുണ്ടോ, വിലവിവരപട്ടിക പ്രദർശിപ്പിച്ചുണ്ടോ എന്നത് സപ്ലൈ ഓഫീസർ പരിശോധിക്കും.
ക്ഷേത്ര പരിസരത്തും വഴികളിലും തടസ്സമില്ലാത്ത മൊബൈൽ കവറേജ് ഉറപ്പുവരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ബി. എസ്.എൻ.എൽ ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ നടപടികൾ കെ. എസ്. ഇ.ബി സ്വീകരിക്കും. മദ്യ നിരോധന മേഖലയായതിനാൽ എക്സൈസ് വകുപ്പിന്റെ ശക്തമായ പരിശോധനയും ഉണ്ടാകും.അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ , പ്ലാസ്റ്റിക് കവറുകൾ എന്നിവ അനുവദിക്കില്ല. ഉച്ചതിരിഞ്ഞ് 2.30 വരെ മാത്രമേ കുമളിയിലെ വനംവകുപ്പിന്റെ ചെക്പോസ്റ് വഴി തീത്ഥാടകക്കാരെ അനുവദിക്കൂ.

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി. ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗർണ്ണമി അഥവാ ചിത്രാപൗർണ്ണമി നാളിൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തപ്പെടുന്നത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളിൽ ഒരേസമയം കേരളം, തമിഴ്നാട് രീതികളിൽ പൂജകൾ നടക്കും.

അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരുക്ഷേത്രങ്ങളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ചടങ്ങുകൾ ആരംഭിക്കും. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരള – തമിഴ്നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതർ സംയുക്തമായിട്ടാകും ചിത്രാപൗർണ്ണമി ഉത്സവം നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *