ന്യൂഡൽഹി: കശ്മീരിലെ രജൗറിയിൽ ഉണ്ടായ പാക് ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീർ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഡീഷണൽ ഡിസ്ട്രിക്ട് ഡെവലപ്‌മെൻറ് കമ്മിഷണർ രാജ് കുമാർ ഥാപ്പയാണ് മരിച്ചത്. മുഖ്യമന്ത്രി ഒമർ അബ്ദുല്ല മരണം സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഞെട്ടിലുണ്ടാക്കി. മരണത്തിനു മണിക്കൂറുകൾക്കു മുൻപ് ഥാപ്പ തനിക്കൊപ്പം ഒരു ഓൺലൈൻ യോഗത്തിൽ പങ്കെടുത്തിരുന്നു.
പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഥാപ്പയുടെ വീടിന് മുകളിലേക്ക് ഷെൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇദ്ദേഹത്തെ കൂടാതെ, രണ്ട് സാധാരണകാർ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഥാപ്പയുടെ വീടിനു തൊട്ടടുത്തുണ്ടായിരുന്ന രണ്ട് നാട്ടുകാരാണ് ഇതേ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ജമ്മു കാഷ്മീർ സർക്കാർ അറിയിച്ചു.