ഇടുക്കി: മുകളിലേക്ക് കയറിയത് പോലെ തന്നെ കൊക്കോയുടെ വില താഴേക്കും ഇടിഞ്ഞു. സര്‍വ്വകാല റെക്കോഡിട്ട കൊക്കോവില ഒരാഴ്ച്ചകൊണ്ട് പാതിയോളമാണ് കുറഞ്ഞത്. 1000 മുതല്‍ 1075 രൂപ വരെ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില 580 മുതല്‍ 600 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 270 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോക്ക് 180 രൂപയായും വില താഴ്ന്നു. ഉത്പാദനക്കുറവും രോഗബാധയും വിലയിടിവും മൂലം കര്‍ഷകര്‍ വ്യാപകമായി കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു.
ഇതോടെ ഉത്പാദനം കുത്തനെ ഇടിയുകയും വില കുതിച്ചു കയറുകയുമായിരുന്നു. എന്നാല്‍ കുത്തനെയുള്ള വിലയിടിവിന് ചോക്ലേറ്റ് കമ്പനികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഇടനില നില്‍ക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. കട്ടപ്പന, അണക്കര, വണ്ടിപ്പെരിയാര്‍, അടിമാലി, കുമളി എന്നീ കമ്പോളങ്ങളിലാണ് ഹൈറേഞ്ചില്‍ പ്രധാനമായും കൊക്കൊ ശേഖരിക്കുന്നത്.
മെയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ കൂടുതലായി കൊക്കൊ എത്തുന്നത്. കൊക്കൊ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞതും കൊക്കൊ പരിപ്പിന് മറ്റു കൃത്രിമ ബദലുകള്‍ നിര്‍മിക്കാനാവാത്തതുമാണ് കൊക്കൊയുടെ ഡിമാന്റ് വര്‍ധിപ്പിക്കുന്നത്. ആഭ്യന്തര വിപണിയില്‍ കൊക്കൊയ്ക്ക് വര്‍ഷം 20 ശതമാനത്തോളം ആവശ്യം വര്‍ധിച്ചു വരുന്നുണ്ട്. വില കുത്തനെയിടിഞ്ഞതോടെ വന്‍ തോതില്‍ കൊക്കോ സംഭരിച്ചുവെച്ച ജില്ലയിലെ വ്യാപാരികള്‍ക്ക് വന്‍ നഷ്ടമാണുണ്ടായിട്ടുള്ളത്.