Timely news thodupuzha

logo

പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം: ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ

ഇടുക്കി: മഴ ആരംഭിച്ചതോടെ വൈറൽ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ മനോജ് അറിയിച്ചു. അയൽ ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം.

ജലദോഷം, എച്ച്1 എൻ1 ഇൻഫ്ലുൻസ, കോവിഡ്-19 തുടങ്ങിയ വൈറസ് പരത്തുന്ന രോഗങ്ങൾ പിടിപെടാതിരിക്കാൻ അടിക്കടി കൈകൾ കഴുക, കുട്ടികൾ ഉൾപ്പെടെ എല്ലാവരും വീടിനു പുറത്തുപോകുമ്പോൾ തുവാല കയ്യിൽ കരുതുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക.

പൊതുസ്ഥലത്ത് തുപ്പുന്നത് പൂർണമായും ഒഴിവാക്കണം. പനിയോ ജലദോഷമോ ബാധിച്ചാൽ പൊതുസ്ഥലങ്ങളിൽ പോകുന്നതും ഒഴിവാക്കണം, അത്യാവശ്യത്തിനു പുറത്തുപോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം.

വൈറസ് രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ലാത്തതിനാൽ ആന്റിബയോട്ടിക് മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ വാങ്ങി ഉപയോഗിക്കുന്നത് കർശനമായും ഒഴിവാക്കണം. ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽപന നടത്താൻ പാടില്ല.

ഗർഭിണികൾ, രണ്ടുവയസിനു താഴെയുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർ ജലദോഷവും പനിയും ബാധിച്ചാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായും പൂർണമായും മരുന്ന് കഴിക്കണം. ഇവർക്ക് എച്ച്1 എൻ1 ഇൻഫ്ലുൻസ ബാധിച്ചാൽ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അപകടകരമായേക്കും.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുകയും ചെയ്യണം. ഇത് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങൾ എന്നിവ പകരുന്നത് തടയും.

മലിന ജലവുമായി സമ്പർക്കം പുലർത്തിയവർ പ്രത്യേകിച്ച് ശുചീകരണത്തിലേർപ്പെട്ടവർ, കർഷക തൊഴിലാളികൾ, മീൻപിടിക്കുന്നവർ തുടങ്ങിയവർ പനി ബാധിച്ചാൽ നിർബന്ധമായും ഡോക്ടറെ കണ്ട് എലിപ്പനിക്ക് ചികിത്സനേടണം. എലിപ്പനി വളരെ മാരകമാണെങ്കിലും നേരത്തെ ചികിത്സിച്ചാൽ പൂർണമായും ഭേതമാക്കാനാവും. എലിപ്പനിക്ക് പലപ്പോഴും മഞ്ഞപ്പിത്തത്തിന്റെ ലക്ഷങ്ങൾ കാണിക്കാമെന്നതിനാൽ മഞ്ഞപ്പിത്തമാണെന്നു കരുതി ഒറ്റമൂലികൾ പ്രയോഗിച്ച് കാത്തിരുന്നാൽ പെട്ടെന്ന് മരണത്തിലേക്ക് നയിക്കും.

മഴ പെയ്തതോടെ വീടിനുചുറ്റും മഴവെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനും അതുവഴി ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവ സാധ്യതയുണ്ട്. ചെറുപാത്രങ്ങൾ, ചിരട്ടകൾ, സൺഷേഡുകൾ, മരപ്പൊത്തുകൾ തുടങ്ങിയവയിൽ നിന്നും കൂടാതെ ടാപ്പിങ് നടത്താത്ത റബർ മരങ്ങളിലെ ചിരട്ടകൾ എന്നിവയിൽ നിന്നും കെട്ടിനിൽക്കുന്ന മഴവെള്ളം അടിയന്തിരമായി നീക്കാൻ ചെയ്യാൻ പൊതുജനങ്ങൾ സഹകരിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തുമുള്ള കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കണം.

Leave a Comment

Your email address will not be published. Required fields are marked *