അടിമാലി: അഴിമതിയിൽ മുങ്ങിയ കൊന്നത്തടി പഞ്ചായത്ത് ഭരണ സമിതിക്കെതിരെയും, നേതൃത്വം കൊടുക്കുന്ന പഞ്ചായത്ത് പ്രസിഡൻ്റിനെതിരെയും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി ധർണ്ണ ഉദ്ഘാടനം ചെയ്തു. അഴിമതിയുടെ കൂത്തരങ്ങായി പഞ്ചായത്ത് ഓഫീസ് മാറിയിട്ട് നാളുകൾ ഏറെയായി.
പ്രസിഡൻ്റിൻ്റെ വ്യക്തി താൽപ്പര്യം സംരക്ഷിക്കാൻ കൂട്ടാക്കാത്ത ഡ്രൈവറെ സസ്പെൻ്റ് ചെയ്തത് ഭരണപക്ഷത്ത് തന്നെ കല്ലുകടിക്ക് ഇടയാക്കിയിരുന്നു. തിരിച്ച് എടുക്കാൻ ഉത്തരവിറങ്ങിയിട്ടും ഇപ്പോഴും പ്രസിഡൻ്റിൻ്റെ ഡ്രൈവറായി അദ്ദേഹം തിരിച്ച് എത്തിയിട്ടില്ല.
പഞ്ചായത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി പദ്ധതി വിഹിതം 55 ശതമാനം ചെലവിട്ട് പേരും ഈ ഭരണ സമിതി കളഞ്ഞുകുളിച്ചു. കമ്പിളികണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്നു വാങ്ങൽ, നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയിൽ 80 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നു എന്നതാണ് യു.ഡി.എഫിൻ്റെ ആരോപണം. ഡോക്ടറുടെ ചുമലിൽ പ്രസിഡൻ്റും, പ്രസിഡൻ്റിൻ്റെ ചുമലിൽ ഡോക്ടറും ക്രമക്കേട് കെട്ടിവെച്ച് ജനങ്ങളെ വിഡ്ഡികളാക്കുന്നു.
പട്ടികജാതി/പട്ടികവർഗ്ഗ ഫണ്ട് വിനിയോഗത്തിലും ഗുരുതര വീഴ്ചയാണ് കൊന്നത്തടിയിൽ സംഭവിച്ചത്. ഇതിനിടയിൽ കുടുംബശ്രീ ഹോട്ടലിൻ്റെ നടത്തിപ്പ് ചുമതല പ്രസിഡൻ്റിൻ്റെ വേണ്ടപ്പെട്ടവർക്ക് നൽകിയതായും, പഞ്ചായത്ത് ഓഫീസിലെ കൂടിവെള്ള സംവിധാനം കുടുംബശ്രീ ഹോട്ടലിലേക്ക് ആരുമറിയാതെ മാറ്റിയതായും ആരോപണമുയർന്ന് കഴിഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ നേത്യത്വത്തിൽ ധനകാര്യ സ്ഥിരംസമിതി അംഗങ്ങൾ കമ്പിളികണ്ടം ആശുപത്രിയിൽ കുത്തിയിരിപ്പ് സമരം നടത്തിയതോടെയാണ് ആശുപത്രി ക്രമക്കേട് പുറംലോകം അറിഞ്ഞത്.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ ലീനീഷ് അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ കേരളകോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നോബിൾമാത്യം, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.പ്രസാദ്, മോഹനൻനായർ, ബാബു കളപ്പുര, ജോബി പേടിക്കാട്ടുകുന്നേൽ, അനിഷ്തോമസ്, സി.കെ.ജനാർദ്ദനൻ, മഹേഷ് കൊന്നത്തടി എന്നിവർ പ്രസംഗിച്ചു.