കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്‌ഐ നൽകുന്ന “ഹൃദയപൂർവ്വം’ ഉച്ചഭക്ഷണം പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മമ്പാട് ഡിജിഎം എംഇഎസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോൻജിയാണ് ഫെയ്‌സ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അതിൽ നിന്നും; “ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ… ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ’ …
മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂർവം പൊതിച്ചോറ്. വർഷങ്ങളായി ആശുപത്രികളിൽ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ട്. ഹൃദയപൂർവം എന്നറിയപ്പെടുന്ന ഈ പദ്ധതിയിലൂടെ ഒരുവർഷം ലക്ഷക്കണക്കിന് പൊതിച്ചോറാണ് വിതരണം ചെയ്യുന്നത്.അമ്മ വീട്ടിലില്ലാത്തതിനാൽ ഭക്ഷണത്തിന് രുചിയില്ലെങ്കിൽ ക്ഷമിക്കണമെന്നും സ്‌കൂളിൽ പോകാനുള്ള തത്രപ്പാടിൽ ഉണ്ടാക്കിയതാണെന്നുമുള്ള കുറിപ്പാണ് ചോറിനൊപ്പം ലഭിച്ചത്.