ഇന്ത്യൻ സിനിമാപ്രേമികളിൽ പ്രതീക്ഷ ഇരട്ടിപ്പിച്ച് എസ് എസ് രാജമൗലി ചിത്രം ആർആർആറിന് മികച്ച ഒറിജിനൽ സോംഗിനുള്ള 95-ാമത് അക്കാദമി അവാർഡ് പുരസ്കാരങ്ങളിലേക്ക് നോമിനേഷൻ ലഭിച്ചു. നേരത്തെ ഗോൾഡൻ ഗ്ലോബിൽ ഇതേ പുരസ്കാനം നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് നോമിനേഷൻ. ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായിരുന്ന ഗുജറാത്തി ചിത്രം ദ് ചെല്ലോ ഷോ അന്തിമപട്ടികയിൽ നിന്ന് പുറത്തായപ്പോൾ ഇന്ത്യൻ പ്രാതിനിധ്യമുള്ള രണ്ട് ഡോക്യുമെൻററികൾ ഇത്തവണത്തെ അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമ രംഗത്തെ നിരവധി പ്രമുഖർ ആർആർആർ സിനിമയെയും അണിയറക്കാരെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. പ്രഖ്യാപനങ്ങൾക്ക് ശേഷം ഫർഹാൻ അക്തർ, കരൺ ജോഹർ, മധുര് ഭണ്ഡാർക്കർ തുടങ്ങിയവരും വിവിധ സിനിമ രംഗത്ത് നിന്നുള്ളവരും ആർആർആർ ടീമിന് ഊഷ്മളമായ ആശംസകൾ നേർന്ന് രംഗത്തെത്തി.