Timely news thodupuzha

logo

പ്രധാനമന്ത്രിയുടെ ഭൂതകാലം പറയുന്ന ഡോക്യുമെന്ററി കോൺഗ്രസ് പ്രദർശിപ്പിക്കുമെന്ന് വി.ഡി സതീശൻ

ചെറുതോണി: കോൺഗ്രസിന്റെ നയപരിപാടികൾക്ക് വിരുദ്ധമായ നിലപാട്  സ്വീകരിച്ച അനിൽ ആന്റണിയുടെ രാജി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടിയുടെ നയത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ചയാൾ പാർട്ടിയിൽ തുടരുന്നത് ശരിയല്ല. പാർട്ടി നയം കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. ബി.ബി.സി ഡോക്യുമെന്റിറിയിൽ അവാസ്ഥവമായ ഒന്നുമില്ല. രാഹുൽ ഗാന്ധി പറഞ്ഞതു പോലെ സത്യത്തെ അധിക കാലം മൂടി വയ്ക്കാനാകില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ന് രാജ്യത്തെ പ്രധാനമന്ത്രിയായി ഇരിക്കുന്നയാൾ നടത്തിയ മനുഷ്യ വേട്ടയെ കുറിച്ചാണ് ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നത്. അത് ഇന്ത്യയിൽ നിരോധിച്ചാൽ ആ നിരോധനത്തെ വെല്ലുവിളിച്ച് കൊണ്ട് കോൺഗ്രസ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുക തന്നെ ചെയ്യും.

രാജ്യത്ത് ജനാധിപത്യ, റിപ്പബ്ലിക്കൻ, ഭരണഘടനാ മൂല്യങ്ങളെ തിരിച്ച് കൊണ്ടുവരാനുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ഭാഗം തന്നെയാണ് ഇതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ചെറുതോണി ടൗൺഹാളിൽ നടന്ന നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ അഭിപ്രായം എല്ലാവർക്കും ബാധകമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവർക്ക് മറ്റു വഴികൾ തേടാം. പാർട്ടി വിരുദ്ധമായ അഭിപ്രായങ്ങൾ ആര് പറഞ്ഞാലും അംഗീകരിക്കില്ല. പാർട്ടിയുടെ നയത്തെ കുറിച്ച് അറിയാവുന്ന ആളാണ് അനിൽ ആന്റണി. അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാം.

പാർട്ടി വിടുന്നുവെന്നത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണ്. ഡോക്യുമെന്ററി സംബന്ധിച്ച അഭിപ്രായത്തിൽ അദ്ദേഹം ഉറച്ച് നിൽക്കുകയാണെങ്കിൽ പാർട്ടി അത് ഗൗരവതരമായി പരിശോധിക്കും. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും, ഭൂതകാലം എല്ലാവരും ഓർക്കുമെന്ന ഭയമാണ് ബി.ജെ.പിക്കെന്നും രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും തിരിച്ച് കൊണ്ടു വരാനുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്നും, രാഹുൽ ഗന്ധി മൂവായിരത്തി അഞ്ഞൂറ് കിലോമീറ്റർ നടന്നത് രാജ്യത്തെ ഒന്നിപ്പിക്കുന്നതിന് വേണ്ടിയാണെന്നും വി.ഡി സതീശൻ പറഞ്ഞു. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് പോകുകയാണ്. വരുമാനം കുറയുകയും ദുർചെലവുകൾ വർധിക്കുകയും ചെയ്യുന്ന അസാധാരണ കാലഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇത് മറച്ച് വയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നു.

സംസ്ഥാനത്തിന്റെ ധനസ്ഥിതി ഭദ്രമാണെന്നാണ് ഗവർണറെക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിൽ പറയിച്ചത്. പി.എസ്.സി നിയമനങ്ങൾ പോലും നടത്തേണ്ടെന്ന് സർക്കാർ വാക്കാൽ നിർദ്ദേശിച്ചിരിക്കുന്നു. ധനസ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയാറാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ധനസ്ഥിതി മൂടി വയ്ക്കുന്നത് അവസാനിപ്പിക്കണം. ലക്ഷക്കണക്കിന് ജപ്തി നോട്ടീസുകളാണ് സംസ്ഥാനത്ത് പ്രവഹിക്കുന്നത്. അടിയന്തിരമായി ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ സർക്കാർ തയാറാകണം. അനിയന്ത്രിതമായ വിലക്കയറ്റത്തിനിടയിലും കാർഷികോത്പന്നങ്ങൾക്ക് വിലയിടിവാണ്. സംഭരണം പൂർണമായും നിലച്ചു. കർഷകരെ സഹായിക്കാതെ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ അവതരിപ്പിക്കുന്ന ബജറ്റും വെറും വാചകമടി മാത്രമായിരിക്കും. കഴിഞ്ഞ ബജറ്റിൽ റീബിൽഡ് കേരളയ്ക്ക് 1642 കോടി പ്രഖ്യാപിച്ചിട്ട് ചെലക്കിയത് വെറും മൂന്ന് ശതമാനം മാത്രമാണ്.

2020-ൽ യുഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തിൽ ചൂണ്ടിക്കാട്ടിയതെല്ലാം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. നികുതി വരുമാനം കുറഞ്ഞിട്ടും മുൻകാല പ്രാബല്യത്തിലാണ് സഖാക്കൾക്ക് ശമ്പളം നൽകുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നവരുടെ ശമ്പളം ഒരു കൊല്ലത്തെ മുൻകാല പ്രാബല്യത്തിൽ വെട്ടിക്കുറച്ച സർക്കാരാണ് നേതാവിന്റെ ശമ്പളം മുൻകാല പ്രാബല്യത്തിൽ വർധിപ്പിച്ചതെന്നും, ഏകാധിപതികളുടെയും ഫാസിസിറ്റുകളുടെയും ഭരണമാണ് നാട്ടിൽ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മാധ്യമ പ്രവർത്തകരെയും ജനാധിപത്യ വാദികളെയും ഭയന്ന് അവർക്ക് ഉറങ്ങാനാകുന്നില്ല. അതുകൊണ്ടാണ് അവർക്കെതിരായ അതിക്രമങ്ങളും വർധിക്കുന്നത്. കെട്ട കാലഘട്ടമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും വി.ഡി സതീശൻ ചെറുതോണിയിൽ സംസാരിക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *