ഗാസ സിറ്റി: ഒക്‌ടോബർ ഏഴിന് ആക്രമണം തുടങ്ങിയ ശേഷം ഗാസ മുനമ്പിലെ പകുതിയിലേറെ കെട്ടിടങ്ങൾ ഇസ്രയേൽ തകർത്തെന്ന് പലസ്‌തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസി(യു.എൻ.ആർ.ഡബ്ല്യു.എ).
മേഖലയിൽ നിന്ന് കെട്ടിടാവശിഷ്ടങ്ങൾ നീക്കാൻ വർഷങ്ങളെടുക്കുമെന്ന് പറഞ്ഞ സംഘടന അടിയന്തരമായി വെടി നിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
വെടി നിർത്തൽ ആവശ്യം ശക്തമാകുന്നതിനിടയിലും റാഫയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇവരെ സമീപത്തുള്ള നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ, ആശുപത്രിയിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ ഇവരെ ചികിത്സിക്കാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിലാകെ 40 പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 37,124 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനെന്ന പേരിൽ വെസ്റ്റ്‌ബാങ്കിലെ അഭയാർത്ഥി ക്യാമ്പുകളിൽ ഇസ്രയേൽ നടത്തുന്ന റെയ്‌ഡ് 12 മണിക്കൂർ പിന്നിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇവിടെ 15 വയസ്സുകാരൻ വെടിയേറ്റ് മരിച്ചിരുന്നു. ഖാൻ യൂനിസിനു സമീപമുള്ള വീട്ടിലേക്ക് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർ കൊല്ലപ്പെട്ടു.
വെടി നിർത്തൽ നീക്കങ്ങൾക്ക് ഇസ്രയേൽ തുരങ്കം വയ്‌ക്കുകയാണെന്ന് ഹമാസ് നേതാവ് ഇസ്‌മായിൽ ഹസിയ പറഞ്ഞു. വെടി നിർത്തലിനുള്ള നീക്കങ്ങളെ ഹമാസ് സ്വാഗതം ചെയ്യുന്നതായും ഹനിയ വ്യക്തമാക്കി.