തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ സൈബര്‍ ആക്രമണത്തെ തുടര്‍ന്നെന്ന് സുഹൃത്തുക്കൾ.
18 വയസുകാരിയായ തിരുവനന്തപുരം തൃക്കണ്ണാപുരം തിരുമല കുന്നപ്പുഴ ഞാലിക്കോണം സ്വദേശിയാണ് ആത്മഹത്യ ചെയ്‌തത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു ഇരുവരും വേർപിരിഞ്ഞതോടെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി.
സൈബർ ആക്രമണത്തിൽ മനംനൊന്ത് പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ച വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്‌ച മരിക്കുകയായിരുന്നു.
നിരവധി കമന്റുകളാണ് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ ആക്രമണങ്ങളാണ് മിക്കവയും. ഇതോടെ സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മരണത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും കുടുംബം സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.