Timely news thodupuzha

logo

രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും; ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വൻ ഭൂരിഭക്ഷത്തോടെ വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും.

2019ൽ അമേഠിയിൽ പരാജയം ഏറ്റു വാങ്ങിയപ്പോൾ രാഹുൽ ഗാന്ധിക്ക് പിടിവള്ളിയായത് വയനാട്ടിലെ വിജയമായിരുന്നു. അന്ന് സംസ്ഥാനത്തെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത്തവണ ഇരുമണ്ഡലങ്ങളിൽ നിന്നും വൻ ഭൂരിപക്ഷത്തോടെയാണ് രാഹുൽ വിജയിച്ചത്.

ഇത്തവണ വയനാട്ടില്‍ 3,64,422 വോട്ടിൻ്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം.

വർഷങ്ങളോളമായി ഗാന്ധി കുടുംബത്തെ കണ്ണും പൂട്ടി തുണയ്ക്കുന്ന മണ്ഡലമാണ് റായ് ബറേലി. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് രാഹുൽ റായ്ബറേലിയിൽ മത്സരിച്ചത്.

ഏതു മണ്ഡലം തെരഞ്ഞെടുക്കേണ്ടി വരുകയാണെങ്കിലും ഇരു മണ്ഡലങ്ങളിലേയും ജനങ്ങൾ സന്തോഷവാന്മാരാണെന്ന് താൻ ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *