കൊച്ചി: സി.എം.ആര്‍.എല്‍ – എക്സാലോജിക് മാസപ്പടി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്.
സി.എം.ആര്‍.എല്ലും എക്‌സാലോജിക്കും അടക്കമുള്ള എല്ലാ എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചു. നേരത്തെ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജിയുമായി മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നേരത്തേ കോടതി തള്ളിയത്.
സി.എം.ആര്‍.എല്ലിന് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നല്‍കിയതിന് പകരമായി വീണാ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് പണം നല്‍കിയെന്നാണ് മാത്യു കുഴല്‍നാടന്‍റെ വാദം. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴ് പേരെ എതിര്‍ കക്ഷികളാക്കിയാണ് കുഴൽനാടൻ വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നത്.