കോതമംഗലം: സബ് രജിസ്റ്റർ ഓഫീസ് പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം മണ്ഡലത്തിലെ ആം ആദ്മി പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി. സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണയിൽ ജിജോ പൗലോസ് അധ്യക്ഷത വഹിച്ചു. സബ് രജിസ്ട്രാർ ഓഫീസ് പുതിയ ബിൽഡിംഗിൽ എത്രയും നേരത്തെ പ്രവർത്തനം ആരംഭിക്കണമെന്നാണ് ധർണ്ണ ഉദ്ഘാടനം ചെയ്ത ആം ആദ്മി വോളൻ്റിയർ എൽദോ പീറ്റർ ആവശ്യപ്പെട്ടത്.
നിലവിൽ റവന്യൂ ടവറിൻ്റെ നാലാം നിലയിൽ ലിഫ്റ്റിൻ്റെ സൗകര്യം പോലും ഇല്ലാതെ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് പലവിധ ശാരീരിക ബുദ്ധിമുട്ടുകളും പ്രായമായവരുമായ ഈ നാട്ടിലെ ജനങ്ങക്ക് രജിസ്ട്രേഷൻ നടപടികൾ നടത്താൻ ഏറെ പ്രയാസമനുഭവിക്കുന്നുണ്ടെന്നും അതിനാൽ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്ന വിഷയത്തിൽ അധികാരികൾ അടിയന്തിര ഇടപെടൽ നടത്തണമെന്നുമാണ് പ്രതിഷേധക്കാർ ഉന്നയിച്ച വിഷയങ്ങൾ. ആം ആദ്മി പ്രവർത്തകരായ ഷിജു കെ.ജി, ജോൺസൺ കറുകപ്പിള്ളിൽ, എം.എ രവി, സുരേഷ് കോട്ടപ്പടി എന്നിവർ സംസാരിച്ചു.