കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് കാരണമായെന്ന് മുൻ എം.പി തോമസ് ചാഴികാടൻ.
കേരള കോൺഗ്രസ്(എം) സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിലായിരുന്നു ചാഴികാടന്‍റെ വിമർശനം. തെരഞ്ഞെടുപ്പിന് മുമ്പായി പാലായിൽ നടന്ന നവകേരള സദസിലെ ശകാരം അടക്കം തിരിച്ചടിച്ചു.
കോട്ടയം മണ്ഡലത്തിൽ ഇടത് മുന്നണിക്ക് സ്ഥിരകമായി ലഭിക്കുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായി. മുമ്പ് ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വിഎന്‍ വാസവന് ലഭിച്ച വോട്ടുകള്‍ ചിലയിടങ്ങളില്‍ ഇത്തവണ ലഭിച്ചില്ല.
സി.പി.എം വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാതെ പോയതും അന്വേഷിക്കണമെന്നും തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു. എന്നാൽ തോൽവിയിൽ മുഖ്യമന്ത്രിയെ മാത്രം പഴിക്കേണ്ട ആവശ്യമില്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉൾപ്പെടെയുള്ളവർ യോഗത്തിൽ അഭിപ്രായപ്പെട്ടു.
എക്കാലവും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയില്‍ നിന്നും അകന്നത് എല്‍.ഡി.എഫ് ഗൗരവമായി കാണണമെന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗം വിലയിരുത്തി.
പാർട്ടി സംസ്ഥാന കമ്മറ്റിയിലടക്കം മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നതും വലിയ ചർച്ചയായി. സി.പി.ഐയുടെ പല ജില്ലാ കൗൺസിലുകളിലും മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് മുന്നണിയുടെ മൂന്നാമത്തെ വലിയ പാർട്ടിയായ കേരള കോൺഗ്രസിലും മുഖ്യമന്ത്രിക്കെതിരായ വിമർശനം ഉയർന്നിരിക്കുന്നത്.