മൂന്നാർ: മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ മൂന്നാറിൽ പല സ്ഥലങ്ങളിലായി മണ്ണിടിച്ചിലുകൾ ഉണ്ടായി. മൂന്നാർ എം.ജി കോളനിയിലെ മുസ്ലിം പള്ളിക്ക് പിൻവശത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു.
മൂന്നാർ കോളനി സ്വദേശി കുമാറിന്റെ ഭാര്യ മാല കുമാറാണ്(38) മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിൽ ഉണ്ടായതിന് ശേഷം അര മണിക്കൂറോളം മാല മണിനടിയിൽ കുടുങ്ങിക്കിടന്നു.
തുടർന്ന് മൂന്നാർ ഫയർഫോഴ്സും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മാലയെ പുറത്തെടുക്കാൻ ആയത്. ഉടൻതന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ മാല മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ദേവികുളം എസ് സി ഓഫീസിലെ ക്ലർക്കായ കുമാർ ജോലി സ്ഥലത്തായിരുന്നു. മൂന്നു മക്കൾ ഉള്ളതിൽ രണ്ട് പേരും കുളമാവ് നവോദയ സ്കൂളിലെ വിദ്യാർഥികളാണ്. വീട്ടിലുണ്ടായിരുന്ന മകൻ ട്യൂഷന് പോയപ്പോഴായിരുന്നു അപകടം.