Timely news thodupuzha

logo

ഓഹരി വിപണി സർവകാല റെക്കോർഡിൽ

കൊച്ചി: വിദേശ ധനകാര്യ സ്ഥാപനങ്ങൾ ആവേശത്തോടെ പണമൊഴുക്കിയതോടെ ഇന്ത്യൻ ഓഹരി പുതിയ റെക്കോഡ് ഉയരത്തിലെത്തി.

കഴിഞ്ഞ ഒമ്പത് ദിവസങ്ങളിൽ ഒരു ദിവസമൊഴികെ ഓഹരി വിപണി തുടർച്ചയായി റെക്കോഡുകൾ പുതുക്കി മുന്നേറുകയാണ്. സ്വകാര്യ ബാങ്കുകളുടെ ഓഹരികളിൽ ഇന്ന് വൻ മുന്നേറ്റമാണ് ഉണ്ടായത്.

വ്യാപാരത്തിൻറെ തുടക്കത്തിൽ സെൻസെക്‌സ് 430 പോയിൻറ് മുന്നേറിയപ്പോഴാണ് 78,000 എന്ന സർവകാല റെക്കോർഡിൽ എത്തിയത്.

നിലവിൽ 78,480 പോയിൻറിന് മുകളിലാണ് സെൻസെക്‌സിൽ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 23,749 പോയിൻറ് മുകളിലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്.

പ്രധാനമായി അൾട്രാടെക് സിമൻറ്, ഐസിഐസിഐ ബാങ്ക്, എൽ ആൻറ് ടി, എൻടിപിസി, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആൻറ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ ഓഹരികൾ നഷ്ടം നേരിട്ടു. ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചത്.

അമേരിക്കൻ വിപണിയും ഏഷ്യൻ വിപണിയിലെ സോൾ, ടോക്കിയോ വിപണികളും മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ സാമ്പത്തിക മേഖല മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ വരും ദിവസങ്ങളിലും ഓഹരി വിപണി മുന്നേറ്റം തുടരുമെന്നാണ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.

മൂന്നാം നരേന്ദ്ര മോദി സർക്കാരിൻറെ നേതൃത്വത്തിൽ സാമ്പത്തിക പരിഷ്കരണ നടപടികൾ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് നിക്ഷേപ സമൂഹം വിലയിരുത്തുന്നത്.

ചൊവ്വാഴ്ച ബോംബെ ഓഹരി സൂചികയായ സെൻസെക്സ് ചരിത്രത്തിലാദ്യമായി 78,000 പോയിൻറ് കടന്നു. അതേസമയം ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ വില്പന സമ്മർദം നേരിട്ടു. ബാങ്കിങ് ഓഹരി സൂചികയും 53,000 കടന്ന് പുതിയ ഉയരങ്ങളിലെത്തി.

Leave a Comment

Your email address will not be published. Required fields are marked *