മൂലമറ്റം: ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ആലുവ കോട്ടപ്പുറം സ്വദേശി രതീഷ് മേത്തശേരി(41) മൂലമറ്റം ത്രിവേണി സംഗമത്തിൽ സംഘടിപ്പിച്ച ബീച്ച് വോളിയിൽ പങ്കെടുത്തു. വീൽചെയറിന്റെ സഹായത്തോടെ സഹപ്രവർത്തകരാണ് ഇദ്ദേഹത്തെ പുഴയ്ക്ക് നടുവിലുള്ള കളിക്കളത്തിൽ എത്തിച്ചത്.
വൈദ്യുതോദ്‌പാദനത്തിന് ശേഷം മൂലമറ്റം പവർഹൗസിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന കനാൽ, വലിയാർ, നാച്ചാർ3 എന്നിവ കൂടിച്ചേരുന്ന നയന മനോഹരമായ ത്രിവേണി സംഗമത്തിലാണ് കഴിഞ്ഞ ദിവസം ബീച്ച് വോളി നടത്തിയത്.
സാഹസിക നീന്തൽ പരിശീലകനായ സജീ വാളാശേരി, എറണാകുളം കളക്ടറേറ്റിലെ തഹസിൽദാർ പി.ഒ ജെയിംസ് എന്നിവർ ഉൾപ്പെടെ വിവിധ മേഖലകളിലുളള 58 അംഗ സംഘമാണ് ത്രിവേണി സംഗമത്തിൻ്റെ മനോഹാരിത കേട്ടറിഞ്ഞ് ബീച്ച് വോളി കളിക്കാൻ എത്തിയത്.
ഞായറാഴ്ച്‌ച വൈദ്യുതോൽപ്പാദനത്തിന് പവർഹൗസിൽ ഒരു ജനറേറ്റർ മാത്രമാണ് പ്രവർത്തിപ്പിച്ചിരുന്നത്. അതിനാൽ പുഴയുടെ നടുവിൽ മൺ തിട്ട തെളിഞ്ഞിരുന്നു. രാവിലെ10.30ന് ഇവിടെ എത്തിയ സംഘം ഉച്ച കഴിഞ്ഞ് 3.30നാണ് കളി കഴിഞ്ഞ് മടങ്ങിയത്. തുടർന്ന് വാഗമൺ ടൂറിസ്റ്റ് കേന്ദ്രവും സന്ദർശിച്ചു.
2022ൽ ആലുവ പെരിയാപുഴ നീന്തിക്കടന്ന് രതീഷ് ശ്രദ്ധ നേടിയിരുന്നു. 15 വർഷമായി സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളാശേരിയുടെ ശിക്ഷ ണത്തിലായിരുന്നു രതീഷ് പരിശീലനം നേടിയത്. ഐ.ടി.ഐ ഇലക്ട്രോണിക്‌സും കമ്പ്യൂട്ടർ ഡിസൈനിംഗും പഠിച്ചിട്ടുള്ള ഇദ്ദേഹം പോർട്രേറ്റ് ഡ്രോയിംഗിലും അക്രിലിക്ക് പെയിൻ്റിംഗിലും വിദഗ്‌ധനാണ്.