Timely news thodupuzha

logo

ഓൾ കേരള പൈനാപ്പിൾ മർച്ചൻ്റ്സ് അസോസിയേഷൻ വാഴക്കുളത്ത് അന്തർ ദേശീയ പൈനാപ്പിൾ ദിനാചരണം നടത്തി

വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അന്തർ ദേശീയ പൈനാപ്പിൾ ദിനാചരണം നടത്തി. അസോസിയേഷൻ പ്രസിഡൻ്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ പൈനാപ്പിൾ കേക്ക് മുറിച്ച് സന്ദേശം നൽകി.

ജൂൺ 27, ഭൗമ സൂചിക പദവി ലഭിച്ച് ലോകത്തിൻ്റെ നിറുകയിൽ കിരീടം ചാർത്തിയ പൈനാപ്പിളിൻ്റെ ദിനമാണെന്നും ഭൂമിയെന്ന ഗ്രഹത്തിലെ ഏറ്റവും വിശിഷ്ടമായ പഴമായി പൈനാപ്പിൾ വിശേഷിപ്പിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. വാഴക്കുളമെന്നത് പൈനാപ്പിളിൻ്റെ മറ്റൊരു പേരായിട്ടാണ് ലോകമെങ്ങും അറിയപ്പെടുന്നതെന്നും ഇവിടുത്തെ പ്രാദേശിക ദിനോത്സവമായി അന്താരാഷ്ട്ര പൈനാപ്പിൾ ദിനാചരണം മാറുന്നതായും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.

വൈസ് പ്രസിഡൻ്റ് ജിമ്മി തോമസ്, സെക്രട്ടറി ജോസ് വർഗീസ്, ജോയിൻ്റ് സെക്രട്ടറി ഷൈജി ജോസഫ്, ട്രഷറർ ജോസ് മോനിപ്പിള്ളിൽ, ഭരണ സമിതി അംഗങ്ങളായ ജയ്സൺ ജോസ്, മാത്യു ജോസഫ്‌, ജിമ്മി ജോർജ്, സാലസ് അലക്സ്, പി.സി ജോൺ, ഷൈൻ ജോൺ തുടങ്ങിയവർ ദിനാചരണത്തിന് നേതൃത്വം നൽകി.

രാജ്യത്തും സംസ്ഥാനത്തും വിദേശത്തുമായി വിപണനത്തിലൂടെ ഏറ്റവും കൂടുതൽ റവന്യൂ വരുമാനം സംസ്ഥാനത്ത് ലഭ്യമാക്കുന്ന പൈനാപ്പിൾ മേഖലയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകൾ ഉപജീവനം നടത്തുന്നുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തോളമായി കാർഷിക മേഖലയിലെ മറ്റെല്ലാ ഉത്പന്നങ്ങൾക്കും വിപണി വിലയിൽ വലിയ ചാഞ്ചാട്ടം ഉണ്ടായപ്പോഴും ശരാശരി വില പിടിച്ച് നിർത്തി കർഷകർക്ക് ന്യായവില നൽകിയ കാർഷികോൽപ്പന്നമാണ് പൈനാപ്പിൾ.

ആതിഥ്യ മര്യാദയും ദയയും പ്രതിനിധാനം ചെയ്യുന്ന പൈനാപ്പിൾ ദിനം കഠിനമായ ദശാസന്ധിയിൽ പ്രതീക്ഷാനിർഭരമായ പ്രചോദനാത്മകമായ മുന്നേറ്റം നടത്താൻ മനുഷ്യ ജീവിതത്തോട് ആഹ്വാനം ചെയ്യുന്നതാണ്.

വിറ്റാമിൻ എ, ബി, സിയും ആൻ്റി ഓക്സിഡൻ്റുമായ പൈനാപ്പിൾ മാംഗനീസ്, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടവുമാണ്. ഭക്ഷ്യോൽപ്പന്നമെന്ന നിലയിലല്ലാതെ ശരീരത്തിനാവശ്യമായ ഉത്തേജക ഔഷധമായും പൈനാപ്പിളിനെ അറിയുന്നതാണ് അന്താരാഷ്ട്ര പൈനാപ്പിൾ ദിനാചരണം.

Leave a Comment

Your email address will not be published. Required fields are marked *