ന്യൂഡൽഹി: ഡൽഹിയിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണമാണ് നിലനിൽക്കുന്നത്. ഇതിനെതിരേ ബി.ജെ.പി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറയുന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും ആംആദ്മി പാർട്ടി ഹിന്ദുവിരോധികളാണെന്നും ബി.ജെ.പി വിമർശനം ഉന്നയിച്ചു. ഇതിനിടെ വീണ്ടും ഓർമ്മപ്പെടുത്തലുമായി ആംആദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി.
നിയന്ത്രണം മതങ്ങളുടെ വ്യത്യാസത്തിലല്ലെന്നും മറിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആവർത്തിച്ചു. നിലവിൽ വായൂ മലിനീകരണ തോത് വളരെ അപകടമായ നിലയിൽ തുടരുന്ന സാഹചര്യത്തിൽ പടക്കങ്ങൾ പൊട്ടിക്കുക കൂടി ചെയ്താലത് വളരെ ഭീകരമായ അപകടത്തിലേക്ക് കടക്കും.
പ്രത്യേകിച്ച് കുട്ടികളെ അത് വളരെ മോശമായ രീതിയിൽ ബാധിക്കും. ദീപാവലി പ്രകാശങ്ങളുടെ ഉത്സവമാണ്. ആ അവസരത്തിൽ പടങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്.
എന്നാൽ അവ ഒഴിവാക്കാൻ പറയുന്നത് ഹിന്ദുവെന്നോ മുസ്ലീം എന്നോ നോക്കിയിട്ടല്ല, മലിനീകരണത്തിന്‍റെ കാര്യത്തിൽ പാരമ്പര്യത്തേക്കാൾ ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും കെജ്‌രിവാൾ പറഞ്ഞു.