Timely news thodupuzha

logo

ഡൽഹി വിമാനത്താവളത്തിൽ ടെർമിനലിൻ്റെ മേൽക്കൂര തകർന്ന് അപകടം: ഒരാൾ മരിച്ചു

ന്യൂഡൽഹി: കനത്ത കാറ്റിലും മഴയിലും ഡൽഹി വിമാനത്താവളത്തിലെ ടെർമിനലിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തിയ ടാക്സി ഡ്രൈവർ ആണ് മരിച്ചത്. അപകടത്തിൽ മറ്റ് 6 പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കനത്ത മഴക്കിടെ ടെർമിനൽ ഒന്നിൻറെ ഡിപാർച്ചർ മേഖലയിലാണ് അപകടമുണ്ടായത്. തുടർന്ന് വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.

വിമാനത്താവളത്തിൻറെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീണു പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. മേൽക്കൂരയ്ക്ക് അടിയിൽ കുടുങ്ങിയ വാഹനങ്ങൾ ഇതുവരെ മാറ്റിയിട്ടില്ല.

ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ശക്തമായ മഴയെ തുടർന്നാണ് മേൽക്കൂര തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനമെന്നും കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു.

അപകടത്തിൽ വീഴ്ചവരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നും മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *