കോപ്പൻഹേഗൻ: ആഗോള താപനത്തെ ചെറുക്കാൻ കന്നുകാലികൾക്ക് നികുതി ഏർപ്പെടുത്തി ഡെൻമാർക്ക്. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന മീഥേൻ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കർഷകർ വളർത്തുന്ന കന്നുകാലികളെയും കാർബൺ നികുതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പശു, കാള, പന്നി തുടങ്ങിയ മൃഗങ്ങളുടെ വിസർജ്യത്തിൽ നിന്നും മറ്റും വലിയതോതിൽ മിഥേൻ പുറത്ത് വരുന്നുണ്ട്. എണ്ണ, പ്രകൃതിവാതകം, ജീവജാലങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്ന് പുറന്തള്ളുന്ന മീഥേൻ്റെ അളവ് 2020 മുതൽ വളരെ വേഗത്തിൽ വർദ്ധിച്ച് വരികയാണ്.
ജീവജാലങ്ങളിൽ നിന്നുള്ള മീഥേൻ്റെ 32 ശതമാനവും പുറത്ത് വിടുന്നത് കന്നുകാലികളാണെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. കന്നുകാലികൾക്ക് കാർബൺ നികുതി ചുമത്തുന്ന ആദ്യ രാജ്യമാണ് ക്ഷീര-പന്നിയിറച്ചി കയറ്റുമതിയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ ഡെൻമാർക്ക്.
2022 ജൂൺ 30 വരെ രാജ്യത്ത് 14,84,377 പശുക്കൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 2030 മുതലാണ് നികുതി ചുമത്തപ്പെടുക. 2030-ഓടെ ഹരിതഗൃഹ വാതക പുറംതള്ളൽ 70 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് നികുതി മന്ത്രി ജെപ്പെ ബ്രൂസ് പറഞ്ഞു.
2045ഓടെ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ ഡെൻമാർക്കിന്റെ നീക്കം നിർണായകമാകുമെന്നും മറ്റ് രാജ്യങ്ങളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബ്രൂസ് പറഞ്ഞു.
ഇത് സംബന്ധിച്ച് വലതുപക്ഷ സർക്കാരും കർഷക, തൊളിലാളി യൂണിയനുകളുടെ പ്രതിനിധികളും തമ്മിൽ തിങ്കളാഴ്ച കരാറിലെത്തി. ചരിത്രപരമായ ഒത്തുതീർപ്പെന്നാണ് ഡെന്മാർക്കിലെ പരിസ്ഥിതി സംഘടനയായ ഡാനിഷ് സൊസൈറ്റി ഫോർ നേച്ചർ കൺസർവേഷൻ കരാറിനെ വിശേഷിപ്പിച്ചത്.
നേരത്തെ ന്യൂസിലൻഡ് കാർബൺ നികുതി ഏർപ്പെടുത്തിയിരുന്നുവെങ്കിലും കാർഷിക മേഖലയെ പൂർണമായും ഒഴിവാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നടപടികൾക്കും നിയന്ത്രണങ്ങൾക്കും എതിരെ യൂറോപ്പിലുടനീളം കർഷകർ മാസങ്ങളായി പ്രക്ഷോഭം ശക്തമാക്കിയിട്ടും വിട്ടുവീഴ്ചക്ക് തയാറല്ല എന്ന നിലപാടാണ് ഡെന്മാർക്കിന്.