തൊടുപുഴ: കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ രാജിവെക്കും വരെ യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുമെന്ന് കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് പ്രസ്താവിച്ചു.
ചെയർമാന്റെ രാജി ആവശ്യപ്പെട്ട് തൊടുപുഴ മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ യു.ഡി.എഫ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുനിസിപ്പൽ ചെയർമാൻ കൈക്കൂലി കേസിൽ പ്രതിയാവുന്നത്. എന്നാൽ സി.പി.എം ഉൾപ്പെടെയുള്ള എൽ.ഡി.എഫ് പിന്തുണയോടെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയാണ്.
ക്രിമിനൽ കേസിൽ പ്രതിയായാൽ ഉടൻ സ്ഥാനം രാജിവെക്കുക എന്നുള്ളത് ധാർമികവും ഉന്നത നിലവാരവും പുലർത്തുന്ന നാട്ടുനീതിയാണ്. കൈക്കൂലി നൽകാൻ പ്രേരണ നൽകുന്നത് മൂലം തൊടുപുഴ നഗരസഭയിലെ പല ഉദ്യോഗസ്ഥന്മാരും വിവിധ സേവനങ്ങൾക്ക് എത്തുന്ന പൊതു ജനങ്ങളെ നിരന്തരം ഉപദ്രവിച്ചു വരുന്നതായി നിരവധി ആരോപണങ്ങൾ ഉണ്ട്.
അഴിമതി കഥകൾ ഒന്നൊന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. സി.പി.എം നേതാവായ തൊടുപുഴ അർബൻ ബാങ്ക് പ്രസിഡൻ്റ് വി.വി മത്തായിയും അഴിമതി കാട്ടിയതായി റിസർവ് ബാങ്ക് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
അദ്ദേഹവും രാജിവെക്കാതെ സ്ഥാനത്ത് തുടരുന്നത് സിപിഎം പിന്തുണയോടെയാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നയം എൽ.ഡി.എഫ് ഉപേക്ഷിക്കണം.
കഴിഞ്ഞ മൂന്നര വർഷത്തിനകത്ത് തെറ്റായ നയംമൂലം നിരവധി വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുകയോ വൈകിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. പുതിയ പദ്ധതികളൊന്നും ഏറ്റെടുക്കാനും കഴിഞ്ഞിട്ടില്ല.
നഗരസഭയിൽ എത്തിയ നിരവധി പേർക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാം നഗരസഭ ഭരണ നേതൃത്വം മറുപടി പറയേണ്ടി വരുമെന്നും എല്ലാ കാര്യങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നും ഷിബിലി ആവശ്യപ്പെട്ടു.
യോഗത്തിൽ യു.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. എം.ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോസഫ് ജോൺ, എ.എം ഹാരിദ്, എൻ.ഐ ബെന്നി, ജാഫർ ഖാൻ മുഹമ്മദ്, കെ ദീപക്, എം.എ കരീം, സഫിയ ജബ്ബാർ, റ്റി.ജെ പീറ്റർ, ഫിലിപ്പ് ചേരിയിൽ, മൂസ, കെ.ജി സജിമോൻ, കെ.കെ ജോസഫ്, അഡ്വ. കെ.എസ് സിറിയക്, കൃഷ്ണൻ കണിയാപുരം, അഡ്വ. സി.കെ ജാഫർ, ഷഹന ജാഫർ, റസിയ കാസിം, രാജി അജി, സാബിറ ജലീൽ, ഷീജ ഷാഹുൽ, നിസ സക്കീർ, നീനു പ്രശാന്ത്, സനു കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.