ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്. പരിശോധനയിൽ തെളിവുകൾ കണ്ടെത്തിയതായി ആലപ്പുഴ എസ്.പി ചൈത്ര തെരേസ ജോണ്‍ വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.
കലയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നില്‍. ഇയാൾ നിലവിൽ ഇസ്രയേലിലാണ് ഉള്ളത്. ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ എസ്.പി പറഞ്ഞു. കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവില്ല.
കലയെ കാണാതായതായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനമെന്നും എസ്.പി പറഞ്ഞു. കേസിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും എസ്.പി അറിയിച്ചു.