കട്ടപ്പന: ദൃശ്യ മാധ്യമ മേഖലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും അനാവശ്യ നിയന്ത്രണങ്ങളും , ഭരണാധികാരികൾക്ക് അനിഷ്ടങ്ങൾ മൂലമുണ്ടാകുന്ന ഡോക്യുമെന്ററി പ്രദർശന തടസ്സപ്പെടുത്തലുകളും പ്രതിഷേധാർഹമാണന്ന് പന്തളം സുധാകരൻ. ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് ടെക്നീഷ്യൻസ് അസോസിയേഷന്റെ (ഇഫ്റ്റ ) ഇടുക്കി ജില്ല പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയിലേയ്ക്കുള്ള ലഹരി, മയക്കുമരുന്ന് മാഫിയയുടെ തള്ളിക്കയറ്റത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും സുധാകരൻ വ്യക്തമാക്കി.
ഇഫ്റ്റ ഇടുക്കി ജില്ല പ്രസിഡണ്ട് ബിറ്റാജ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സംഘടനയുടെ മൂന്നാമത്തെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ IISF- 2023 ന്റെ പോസ്റ്റർ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഹരികുമാർ പൂതങ്കര, രാഹുൽ രാജ് തുടങ്ങിയവർ പന്തളം സുധാകരന് നൽകിയാണ് പ്രകാശനം ചെയ്തത്. ഇടുക്കിയിലെ അഭിനയ പ്രതിഭകളായ ജീ .കെ. പന്നാംകുഴി, സന്ധ്യ ബിജു എന്നിവരെ ആദരിച്ചു. യോഗത്തിൽ, ഇഫ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് രാമന്തളി, തോമസ് രാജൻ, ജോണി കുളമ്പള്ളി, രഘുനാഥ് കുളനട, പി.ആർ അയ്യപ്പൻ, നന്ദൻ മേനോൻ, സിജു ചക്കും മൂട്ടിൽ, കുങ്ഫു സജിത് ഷാജി കുരിശുംമൂട്, ഒ.എസ് ഉമർ ഫറൂഖ്, അൻഷാൽ ഇടുക്കി തുടങ്ങിയവർ പ്രസംഗം നടത്തി.