തൊടുപുഴ: സർക്കാർ സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങൾക്ക് മഴക്കാല ഭക്ഷ്യ സഹായ പദ്ധതി പ്രകാരം വിതരണം ചെയ്ത കിറ്റിൽ മായം കലർന്ന വെളിച്ചെണ്ണയും നിലവാരം കുറഞ്ഞ ഭക്ഷ്യ സാധനങ്ങളുമാണ് വിതരണം ചെയ്ത് വരുന്നതെന്ന് പൊതുവെ ആക്ഷേപം ഉണ്ട്. ഇത് പരിഹരിക്കാൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് പകരം പണമായി നൽകുന്നതാണ് ഉത്തമമെന്ന് തൊടുപുഴ മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കാരണം പല ഉൽപ്പന്നങ്ങളും നിലവാരമില്ലാത്തതും ആ കുടുബത്തിന് ആവശ്യമില്ലാത്തവയുമാണ്. ഇതിന് പരിഹാരമായി കിറ്റിൽ തതുല്യമായ തുക പണമായി നൽകിയാൽ ആ കുടുംബത്തിന് ആവശ്യമുള്ളപ്പോൾ ഉൽപ്പന്നങ്ങൾ തൊട്ടടുത്തുള്ള കടയിൽ നിന്നും വാങ്ങാവുന്നതാണ്. ഇതുമൂലം കച്ചവട മാന്ദ്യത്താൽ നട്ടം തിരിയുന്ന വ്യാപാരികൾക്ക് വളരെ ഗുണകരമാകുമെന്ന് തൊടുപുഴ മർച്ചന്റ് അസോസിയേഷന്റെ സെക്രെട്ടറിയേറ്റ് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സി.കെ നവാസ്, ട്രഷറർ പി.എൻ.കെ അനിൽ കുമാർ, ഷിയാസ് എം.കെ, ഷെരീഫ് സർഗ്ഗം തുടങ്ങി നിരവധി പേർ പങ്കെടുത്തു.